ഭാവ്നഗർ ; മറ്റ് രാജ്യങ്ങളെ ആശ്രയിക്കുന്നതാണ് നമ്മുടെ ഏറ്റവും വലിയ ശത്രുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി . ഭാവ്നഗറിൽ പൊതുയോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി . വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്നത് ഇന്ത്യ അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യകത യോഗത്തിൽ നരേന്ദ്ര മോദി ചൂണ്ടിക്കാട്ടി. ദേശീയ ശക്തിക്കും അഭിമാനത്തിനും അഭിവൃദ്ധിക്കും സ്വാശ്രയത്വം മാത്രമാണ് ഏക മാർഗമെന്നും അദ്ദേഹം പറഞ്ഞു.
‘ ലോകത്തിൽ നമുക്ക് ഒരു പ്രധാന ശത്രുവുമില്ല. നമ്മുടെ ഏറ്റവും വലിയ ശത്രു മറ്റ് രാജ്യങ്ങളെ ആശ്രയിക്കുന്നതാണ് . ബാഹ്യശക്തികൾ രാജ്യത്തിന്റെ ഭാവി നിർണ്ണയിക്കുന്നത് അനുവദിക്കാനാവില്ല . ആഗോള സമാധാനം, സ്ഥിരത, സമൃദ്ധി എന്നിവയ്ക്കായി, ലോകത്തിലെ ഏറ്റവും വലിയ ജനസംഖ്യയുള്ള രാജ്യം ആത്മനിർഭർ ആയി മാറണം.
നമ്മൾ മറ്റുള്ളവരെ ആശ്രയിക്കുന്നത് തുടർന്നാൽ, നമ്മുടെ ആത്മാഭിമാനത്തിന് കോട്ടം സംഭവിക്കും. 1.4 ബില്യൺ ജനങ്ങളുടെ ഭാവി നമുക്ക് മറ്റുള്ളവരുടെ കൈകളിലേക്ക് വിടാൻ കഴിയില്ല.നൂറു ദുഃഖങ്ങൾക്ക് ഒരു മരുന്നേയുള്ളൂ, അത് സ്വാശ്രയ ഇന്ത്യയാണ്.ഇന്ന്, ഇന്ത്യ ‘വിശ്വബന്ധു’വിന്റെ ആത്മാവോടെ മുന്നോട്ട് പോകുകയാണ് ‘ എന്നും മോദി പറഞ്ഞു.
ആത്മനിർഭർ ഭാരത് (സ്വാശ്രയ ഇന്ത്യ) എന്ന ദർശനത്തിന് പിന്നിൽ അണിനിരക്കാൻ പൗരന്മാരെ ആഹ്വാനം ചെയ്തുകൊണ്ടാണ് മോദി തന്റെ പ്രസംഗം അവസാനിപ്പിച്ചത് .

