ന്യൂഡൽഹി: ഭീകരതയ്ക്കെതിരായ ഇന്ത്യയുടെ പോരാട്ടത്തിലെ നാഴികക്കല്ലാണ് ഓപ്പറേഷൻ സിന്ദൂർ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്താനിലെ ഭീകര കേന്ദ്രങ്ങൾക്ക് നേരെ ഇന്ത്യ നടത്തിയ ആക്രമണങ്ങൾക്ക് ശേഷം രാജ്യത്തെ അഭിസംബോധന ചെയ്യവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയ്ക്ക് സമീപത്തെ ഭീകരരുടെ ലോഞ്ച് പാഡുകൾക്ക് നേരെ 2016ൽ ഇന്ത്യ സർജിക്കൽ സ്ട്രൈക്ക് നടത്തി. 2019ൽ പാകിസ്താനിലെ ഭീകര ക്യാമ്പിൽ ഇന്ത്യ വ്യോമാക്രമണം നടത്തി. ഈ രണ്ട് ആക്രമണങ്ങൾക്കും ശേഷമുള്ള ഇന്ത്യയുടെ ഭീകരവിരുദ്ധ നയമാണ് ഓപ്പറേഷൻ സിന്ദൂറിലൂടെ വ്യക്തമായതെന്ന് പ്രധാനമന്ത്രി പറഞ്ഞു.
പാകിസ്താനിലെയും പാക് അധീന കശ്മീരിലെയും ഭീകര കേന്ദ്രങ്ങൾ കൃത്യമായി ഉന്നം വെച്ചാണ് ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ നടപ്പിലാക്കിയത്. ഇന്ത്യൻ കരസേനയും നാവിക സേനയും അതിർത്തി രക്ഷാസേനയും അർദ്ധസൈനിക വിഭാഗങ്ങളും ഇപ്പോഴും ജാഗ്രതയിലാണ്.
ഓപ്പറേഷൻ സിന്ദൂറിലൂടെ പാകിസ്താന് ഇന്ത്യ നൽകുന്ന ആദ്യ സന്ദേശം ഇതാണ്. ഇന്ത്യയിൽ ഇനി ഒരു ഭീകരാക്രമണം ഉണ്ടായാൽ അതിന് തക്കതായ തിരിച്ചടി ഉടൻ ഉണ്ടാകും. അതിന്റെ ആഴവും വ്യാപ്തിയും ഇന്ത്യ നിശ്ചയിക്കും. ഭീകരതയുടെ വേരുകൾ എവിടെയായാലും അവിടെ ചെന്ന് അത് അറുത്ത് മാറ്റും.
പാകിസ്താനുള്ള ഇന്ത്യയുടെ രണ്ടാമത്തെ സന്ദേശം ഇതാണ്. ആണവായുധം എന്ന ഭീഷണിയെ ഇനി ഇന്ത്യ വകവെക്കില്ല. ആണവായുധ ഭീഷണിയുടെ മറവിൽ ഒളിഞ്ഞിരുന്ന് ആക്രമണം ആസൂത്രണം ചെയ്യുന്ന ഭീകരരെ പിന്തുടർന്ന് തേടിപ്പിടിച്ച് കൈകാര്യം ചെയ്യും. പാകിസ്താനിലെ സർക്കാർ സ്പോൺസേർഡ് ഭീകരവാദമായാലും സൈനിക സ്പോൺസേർഡ് ഭീകരവാദമായാലും ഇന്ത്യയുടെ ഭാഗത്ത് നിന്നും ഒരു ദയയും പ്രതീക്ഷിക്കേണ്ടതില്ല.
ഓപ്പറേഷൻ സിന്ദൂറിലൂടെ പാകിസ്താന്റെ വികൃതമായ മുഖം ലോകത്തിന് കാട്ടിക്കൊടുക്കാൻ ഇന്ത്യക്ക് സാധിച്ചു. കൊല്ലപ്പെട്ട ഭീകരവാദികൾക്ക് അന്തിമോപചാരം അർപ്പിക്കാൻ പാകിസ്താനിലെ ഉന്നത സൈനിക ഉദ്യോഗസ്ഥർ എത്തി. ഇത് സർക്കാർ സ്പോൺസേർഡ് ഭീകരതയുടെ ശക്തമായ തെളിവാണ്. ഏത് തരത്തിലുള്ള ഭീഷണിയിൽ നിന്നും ഇന്ത്യയെയും ഇന്ത്യക്കാരെയും രക്ഷിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്.
എല്ലാ കാലത്തും യുദ്ധഭൂമിയിൽ ഇന്ത്യ പാകിസ്താനെ പരാജയപ്പെടുത്തിയിട്ടുണ്ട്. ഓപ്പറേഷൻ സിന്ദൂർ അതിലെ ഒരു പുതിയ അധ്യായമാണ്. മരുഭൂമിയിലും പർവ്വതനിരകളിലും ഇന്ത്യ അതിന്റെ നവീന യുദ്ധമുറകൾ പ്രകടമാക്കി. തദ്ദേശ നിർമ്മിത ആയുധങ്ങളുടെ ആധികാരികതയും ഈ ഓപ്പറേഷനിലൂടെ നമുക്ക് ഉറപ്പിക്കാൻ സാധിച്ചു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ യുദ്ധരംഗത്ത് മെയ്ഡ് ഇൻ ഇന്ത്യ പ്രതിരോധ സംവിധാനങ്ങളുടെ പ്രസക്തിയും ലോകത്തിന് ബോദ്ധ്യപ്പെട്ടു. പ്രധാനമന്ത്രി പറഞ്ഞു.
എല്ലാ തരത്തിലുമുള്ള ഭീകരതയ്ക്കെതിരെ ഐക്യത്തോടെ പൊരുതുന്നു എന്നതാണ് ഇന്ത്യയുടെ ഏറ്റവും വലിയ കരുത്ത്. ഇത് യുദ്ധത്തിന്റെയും ഭീകരതയുടെയും യുഗമല്ല. ഭീകരവാദത്തിനെതിരെ സന്ധിയില്ലായ്മ എന്നതാണ് ഭാവികാലത്തിന് ഇന്ത്യ നൽകുന്ന ഉറപ്പ്. മറുവശത്ത് പാകിസ്താൻ സൈന്യവും പാക് സർക്കാരും ഭീകരതയെ പ്രോത്സാഹിപ്പിക്കുകയാണ്. ഒരു നാൾ അത് അവരെ നാശത്തിലെത്തിക്കും. നിലനിന്ന് പോകണമെങ്കിൽ ഭീകരതയുടെ വേരറുക്കാൻ പാകിസ്താൻ സ്വയം തയ്യാറാകണം. സമാധാനത്തിലേക്ക് മറ്റൊരു മാർഗ്ഗവുമില്ല. ഇന്ത്യയുടെ നിലപാട് വ്യക്തമാണ്. ഭീകരവാദവും സംവാദവും ഒത്ത് പോകില്ല. ഭീകരതയും വ്യാപാരവും ഒത്ത് പോകില്ല. രക്തവും വെള്ളവും ഒരുമിച്ച് ഒഴുകില്ല. പ്രധാനമന്ത്രി വ്യക്തമാക്കി.
ഇന്ത്യയുടെ പ്രഖ്യാപിത നയം ലോകത്തിന് മുന്നിൽ ആവർത്തിക്കാൻ ഈ അവസരം വിനിയോഗിക്കുകയാണ്. പാകിസ്താനുമായി ഇനി ഇന്ത്യക്ക് ഒരു ചർച്ചയുണ്ടെങ്കിൽ അത് ഭീകരവാദവുമായി ബന്ധപ്പെട്ട് മാത്രമായിരിക്കും. പാകിസ്താനുമായി ഇനി ഒരു ചർച്ചയുണ്ടെങ്കിൽ അത് പാക് അധീന കശ്മീരുമായി ബന്ധപ്പെട്ട് മാത്രമായിരിക്കും. പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
ഓപ്പറേഷൻ സിന്ദൂർ എന്നത് കേവലം ഒരു പേരല്ല. രാജ്യത്തെ കോടിക്കണക്കിന് ജനങ്ങളുടെ വികാരത്തിന്റെ പ്രതിഫലനമാണ്. പ്രധാനമന്ത്രി പറഞ്ഞു.
ഓപ്പറേഷൻ സിന്ദൂർ എന്നത് നീതിയോടുള്ള ഇന്ത്യയുടെ അചഞ്ചലമായ പ്രതിബദ്ധതയുടെ പേരാണ്. മെയ് 6ന് രാത്രിയിലും മെയ് 7ന് പുലർച്ചെയും ഈ പ്രതിജ്ഞ യാഥാർത്ഥ്യമാകുന്നത് ലോകം കണ്ടു. ഇന്ത്യ ഇങ്ങനെ ഒരു വലിയ തീരുമാനം കൈക്കൊള്ളുമെന്ന് ഭീകരർ സ്വപ്നത്തിൽ പോലും ചിന്തിച്ചിട്ടുണ്ടാകില്ല. രാജ്യം ഒന്നാകുമ്പോൾ, രാജ്യവും രാജ്യതാത്പര്യവും പ്രഥമ പരിഗണനയായി മാറുമ്പോൾ, ശക്തമായ തീരുമാനങ്ങൾ നടപ്പിലാകുകയും ഫലം ലഭ്യമാകുകയും ചെയ്യുന്നു. അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ മിസൈലുകളും ഡ്രോണുകളും പാകിസ്താനിലെ ഭീകര താവളങ്ങൾ തകർത്തപ്പോൾ, ഭീകര സംഘടനകൾ പ്രവർത്തിച്ചിരുന്ന കെട്ടിടങ്ങൾ മാത്രമല്ല, പാകിസ്താന്റെ ധൈര്യവും ആടിയുലഞ്ഞു. ആഗോള ഭീകരതയുടെ സർവ്വകലാശാലകളായിരുന്നു ബഹാവല്പൂരിലെയും മുരിദ്കെയിലെയും ഭീകര താവളങ്ങൾ. സെപ്റ്റംബർ 11 ഭീകരാക്രമണമായാലും ലണ്ടൻ ട്യൂബ് ബോംബാക്രമണമായാലും കഴിഞ്ഞ ദശാബ്ദങ്ങളിൽ ഇന്ത്യയിൽ നടന്ന വൻ ഭീകരാക്രമണങ്ങൾ ആയാലും, അവയുടെയെല്ലാം വേരുകൾ ചെന്നെത്തുന്നത് ഇവിടങ്ങളിലാണ്. ഇന്ത്യയിലെ സഹോദരിമാരുടെ സിന്ദൂരം മായ്ച്ച ഭീകരതയ്ക്കുള്ള മറുപടിയായിരുന്നു ഈ ഭീകര കേന്ദ്രങ്ങളുടെ തകർച്ചയിലൂടെ ഇന്ത്യ നൽകിയത്. പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യ നടത്തിയ സൈനിക നടപടിയിൽ നൂറിലധികം കൊടും ഭീകരർക്ക് ജീവൻ നഷ്ടമായി. ഇന്ത്യക്കെതിരെ ഗൂഢാലോചന നടത്തിയ ശേഷം സ്വതന്ത്രമായി പാകിസ്താനിൽ വിഹരിക്കുകയായിരുന്ന നിരവധി ഭീകരനേതാക്കളെ ഒരൊറ്റ ആക്രമണത്തിലൂടെ ഇന്ത്യ കൊന്നു. പാകിസ്താൻ സൈന്യം നടത്തിയ വെല്ലുവിളിയും ഇന്ത്യ ഫലപ്രദമായി നേരിട്ടു. പാകിസ്താന്റെ നിരവധി വ്യോമതാവളങ്ങൾ ഇന്ത്യ തകർത്തുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

