ന്യൂഡൽഹി : പാകിസ്ഥാന്റെ ഭീരുത്വത്തിന് ഇന്ത്യ ധീരതയോടെ നൽകിയ മറുപടിയാണ് ഓപ്പറേഷൻ സിന്ദൂറെന്ന് ഇന്ത്യൻ ആർമി ചീഫ് ജനറൽ ഉപേന്ദ്ര ദ്വിവേദി.കാർഗിൽ വിജയ് ദിവസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ ഓപ്പറേഷൻ സിന്ദൂർ നമ്മുടെ ദൃഢനിശ്ചയവും സന്ദേശവും ഉത്തരവുമായിരുന്നു. പഹൽഗാമിലെ ഭീകരാക്രമണം മുഴുവൻ രാജ്യത്തിനും കനത്ത പ്രഹരമായിരുന്നു . എന്നാൽ ഇത്തവണ ഇന്ത്യ ദുഃഖം പ്രകടിപ്പിക്കുക മാത്രമല്ല, ശക്തമായ മറുപടി നൽകണമെന്നും തീരുമാനിച്ചു. ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യൻ സൈന്യം പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും തീവ്രവാദ ഒളിത്താവളങ്ങൾ ലക്ഷ്യമാക്കി ആക്രമണം നടത്തി.
ഒരു സാധാരണക്കാരനെയും ഉപദ്രവിക്കാതെയാണ് ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ നടത്തിയത് . ഇത് വെറുമൊരു പ്രതികരണം മാത്രമായിരുന്നില്ല, തീവ്രവാദത്തെ പിന്തുണയ്ക്കുന്നവരെ ഇപ്പോൾ വെറുതെ വിടില്ലെന്ന വ്യക്തമായ സന്ദേശമായിരുന്നു.’ അദ്ദേഹം പറഞ്ഞു.
നമ്മുടെ വ്യോമ പ്രതിരോധം അജയ്യമായ ഒരു മതിൽ പോലെ നിലകൊള്ളുന്നു . ഒരു ഡ്രോണിനോ മിസൈലിനോ അത് തുളച്ചുകയറാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. കരസേന .വ്യോമസേന, നാവികസേന, മറ്റ് സർക്കാർ വകുപ്പുകൾ ഒരുമിച്ച് നിന്ന മുഴുവൻ രാഷ്ട്ര സമീപനത്തിന് കീഴിലാണ് ഇതെല്ലാം സംഭവിച്ചത്. ഇന്ത്യയുടെ പരമാധികാരത്തിനോ, സമഗ്രതയ്ക്കോ, ഭീഷണിയാകുന്നവർക്ക് ഉചിതമായ മറുപടി നൽകിയിട്ടുണ്ട്, അത് തുടരുകയും ചെയ്യും.“ അദ്ദേഹം പറഞ്ഞു.

