ഷിംല ; ഹിമാചൽ പ്രദേശ് രാജ്ഭവനിൽ ചരിത്രപ്രസിദ്ധമായ ഇന്ത്യ-പാക് ഷിംല കരാറിന്റെ മേശപ്പുറത്ത് ഇപ്പോൾ ഇന്ത്യൻ ത്രിവർണ്ണ പതാക മാത്രമേ പാറുന്നുള്ളൂ. ഇവിടെ നിന്ന് പാകിസ്ഥാന്റെ പതാക നീക്കം ചെയ്തിട്ടുണ്ട്. 1972-ൽ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഷിംല കരാർ ഒപ്പുവച്ചത് ഈ മേശപ്പുറത്താണ് . 1972 ജൂലൈ 2-3 രാത്രിയിൽ അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയും പാകിസ്ഥാൻ പ്രസിഡന്റ് സുൽഫിക്കർ അലി ഭൂട്ടോയുമാണ് ഈ ചരിത്രപരമായ രേഖയിൽ ഒപ്പുവച്ചത്.
ഷിംലയിലെ രാജ്ഭവനിലെ കീർത്തി ഹാളിൽ, പിച്ചള റെയിലിംഗുകളാൽ ചുറ്റപ്പെട്ട ഒരു ഉയർന്ന പ്ലാറ്റ്ഫോമിലാണ് ഈ മേശ സ്ഥാപിച്ചിരിക്കുന്നത്. മുന്നിലുള്ള ഫലകത്തിൽ “ഷിംല കരാർ ഒപ്പുവച്ചത് 3-7-1972 നാണ്” എന്ന് എഴുതിയിട്ടുണ്ട് . മേശയ്ക്ക് മുകളിൽ ഇന്ദിരാഗാന്ധിയും ഭൂട്ടോയും ഒപ്പിടുന്ന ചിത്രവും കാണാം. അക്കാലത്തെ മറ്റ് നിരവധി അപൂർവ ചിത്രങ്ങളും ചുമരുകളിൽ പ്രദർശിപ്പിച്ചിരിക്കുന്നു.
നേരത്തെ, ഈ മേശയിൽ ഇന്ത്യൻ ത്രിവർണ്ണ പതാകയ്ക്കൊപ്പം പാകിസ്ഥാന്റെ പതാകയും ഉണ്ടായിരുന്നു. ഇന്ദിരാഗാന്ധി ഇരുന്ന ഭാഗത്ത് ത്രിവർണ്ണ പതാകയും സ്ഥാപിച്ചു, ഭൂട്ടോ ഇരുന്ന ഭാഗത്ത് പാകിസ്ഥാന്റെ പതാകയുമാണ് വച്ചിരുന്നത്.

