ലക്നൗ : അയോദ്ധ്യയിൽ എൻ എസ് ജി കേന്ദ്രം സ്ഥാപിക്കുന്നു. ഇന്ത്യയിലെ വളരെ സെൻസിറ്റീവ് പ്രദേശമായ രാമജന്മഭൂമിയുടെ സുരക്ഷ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് എൻഎസ്ജി കേന്ദ്രം സ്ഥാപിക്കുന്നത്. ഇതിനായി അയോധ്യയിൽ എട്ട് ഏക്കർ ഭൂമി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് 99 വർഷത്തെ പാട്ടത്തിന് നൽകാനുള്ള നിർദ്ദേശത്തിന് ഉത്തർപ്രദേശ് സർക്കാർ അംഗീകാരം നൽകി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം .
അയോധ്യയിലെ പർഗാന-ഹവേലി ആവധിലാണ് ഈ ഭൂമി സ്ഥിതി ചെയ്യുന്നത് . ഏതെങ്കിലും തരത്തിലുള്ള ഭീഷണി ഉണ്ടായാൽ എലൈറ്റ് എൻഎസ്ജി കമാൻഡോകളെ വിന്യസിക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനുമുള്ള തന്ത്രപ്രധാനമായ സ്ഥലമായ ഗൗര ബാരിക്ക് കന്റോൺമെന്റ് ഏരിയയ്ക്ക് കീഴിലാണ് ഇത്. അടുത്തിടെ പല തവണ പാക് ഭീകരരിൽ നിന്നടക്കം അയോധ്യ രാമക്ഷേത്രത്തിന് കടുത്ത ഭീഷണികൾ ഉണ്ടായിരുന്നു . ഈ സാഹചര്യത്തിലാണ് സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി എൻ എസ് ജി കേന്ദ്രം സ്ഥാപിക്കുന്നത്.
അയോധ്യ സദർ തഹ്സിലിലെ ഗൗര ബാരിക് കന്റോൺമെന്റ് പ്രദേശത്തുള്ള ഭൂമി സൗജന്യമായും ചില വ്യവസ്ഥകൾക്കും നിയന്ത്രണങ്ങൾക്കും വിധേയമായുമാണ് കൈമാറുന്നതെന്ന് ധനമന്ത്രി സുരേഷ് കുമാർ ഖന്ന പറഞ്ഞു. “അയോധ്യയിലും പരിസരത്തുമുള്ള സെൻസിറ്റീവ് പ്രദേശങ്ങളുടെ സുരക്ഷാ ആവശ്യകതകൾ കണക്കിലെടുത്ത്, എൻഎസ്ജി കേന്ദ്രം സ്ഥാപിക്കുന്നതിനായി എട്ട് ഏക്കർ ഭൂമി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പാട്ടത്തിന് നൽകാൻ ജില്ലാ ഭരണകൂടം നിർദ്ദേശിച്ചിരുന്നു . അതാണ് മന്ത്രിസഭ ചർച്ച ചെയ്ത് തീർപ്പാക്കിയത് “ ഖന്ന പറഞ്ഞു.
രാമക്ഷേത്ര നിർമ്മാണത്തിനു ശേഷമുള്ള അയോധ്യയുടെ മതപരവും തന്ത്രപരവുമായ പ്രാധാന്യം കണക്കിലെടുക്കുമ്പോൾ, എൻഎസ്ജി കേന്ദ്രം മേഖലയിലെ ദ്രുത പ്രതികരണ ശേഷികളെ ശക്തിപ്പെടുത്തുമെന്നും സർക്കാർ വൃത്തങ്ങൾ പറയുന്നു.

