മധുര ; പൊളിറ്റ് ബ്യൂറോ മുന്നോട്ടുവെച്ച പ്രായപരിധി നിയമങ്ങളിൽ പാർട്ടി നേതാക്കൾക്ക് ഇളവ് നൽകുന്നതിനെ ശക്തമായി എതിർത്ത് സിപിഎം ബംഗാൾ ഘടകം . മധുരയിൽ നടക്കുന്ന സിപിഎം പാർട്ടി കോൺഗ്രസിലാണ് ബംഗാൾ ഘടകം ഈ വിഷയത്തിൽ നിലപാട് വ്യക്തമാക്കിയത്. പോളിറ്റ് ബ്യൂറോയുടെ മാനദണ്ഡങ്ങൾ ലംഘിച്ചാൽ പാർട്ടിക്കുള്ളിൽ വിമതശല്യം രൂക്ഷമാകുമെന്ന് ബംഗാൾ ഘടകം മുന്നറിയിപ്പ് നൽകി
കേരള മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ പിണറായി വിജയന് രണ്ടാം തവണയും പ്രായപരിധിയിൽ ഇളവ് നൽകാനുള്ള നീക്കത്തിനെതിരെയും നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്. അതിനിടെ, പാർട്ടികോൺഗ്രസ് നാളെ തീരാൻ ഇരിക്കെ ജനറൽ സെക്രട്ടറി ചർച്ചകളിലേക്ക് കടന്നിരിക്കുകയാണ് സിപിഎം.കേരളത്തിൽ നിന്നുള്ള എംഎ ബേബിയെ പരിഗണിക്കാനാണ് കൂടുതൽ സാധ്യത.
കേരളത്തിലെ സഖാക്കൾക്കുള്ളിൽ നിലനിൽക്കുന്ന താൽപ്പര്യമില്ലായ്മയെക്കുറിച്ചും പാർട്ടി കോൺഗ്രസ് ചൂണ്ടിക്കാട്ടി. മെമ്പർഷിപ്പ് ഡ്രൈവിലൂടെ നിരവധി പേർ പാർട്ടിയിൽ ചേർന്നെങ്കിലും, കേരളത്തിൽ പാർട്ടിയിൽ നിന്ന് ഒരുപാട് രാഷ്ട്രീയക്കാർ കൂറുമാറിയതിനും സിപിഎം സാക്ഷ്യം വഹിച്ചിട്ടുണ്ട്.പാർട്ടിഭരണഘടന ഭേദഗതി ചെയ്യാനും തീരുമാനമുണ്ടായി. സിപിഎം അംഗത്വ ഫീസ് 5 രൂപയിൽ നിന്ന് 10 രൂപയാക്കി ഉയർത്തും. നിലവിൽ 10 ലക്ഷം സിപിഎം അംഗങ്ങളാണുള്ളത്.

