മുംബൈ: വരാനിരിക്കുന്ന ബ്രിഹണ്മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ മഹാവികാസ് അഖാഡി സഖ്യം ഉണ്ടായിരിക്കില്ലെന്ന സൂചന നൽകി ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവ് സഞ്ജയ് റാവത്ത്. തിരഞ്ഞെടുപ്പിൽ ശിവസേന (യുബിടി) ഒറ്റയ്ക്ക് മത്സരിച്ചേക്കുമെന്ന് റാവത്ത് പറഞ്ഞു.
പ്രാദേശിക തിരഞ്ഞെടുപ്പിൽ സഖ്യമില്ലാതെ മത്സരിക്കണം എന്നാണ് പ്രവർത്തകരുടെ പൊതുവിലുള്ള അഭിപ്രായം. ഇക്കാര്യം പാർട്ടി ഗൗരവമായി പരിഗണിക്കുമെന്നും റാവത്ത് മാദ്ധ്യമങ്ങളോട് പറഞ്ഞു. 1997 മുതൽ 2022 അവിഭക്ത ശിവസേന നിയന്ത്രിച്ചിരുന്ന മുനിസിപ്പൽ കോർപ്പറേഷൻ ആയിരുന്നു ബിഎംസിയെന്നും റാവത്ത് ഓർമ്മിപ്പിച്ചു.
നിയമസഭാ തിരഞ്ഞെടുപ്പിൽ തങ്ങൾക്ക് കൂടുതൽ സീറ്റുകൾ മഹാവികാസ് അഖാഡി സഖ്യം അനുവദിച്ചു തന്നിരുന്നെങ്കിൽ വിജയശതമാനം ഉയരുമായിരുന്നു. ബിഎംസി തിരഞ്ഞെടുപ്പിൽ അബദ്ധം ആവർത്തിക്കാതിരിക്കാൻ പാർട്ടി ശ്രമിക്കുമെന്നും റാവത്ത് കൂട്ടിച്ചേർത്തു.
അതേസമയം, ബിഎംസി തിരഞ്ഞെടുപ്പിൽ മഹായുതി സഖ്യം ഉണ്ടായിരിക്കുമെന്നും ബിജെപിയും ശിവസേനയും ഒരുമിച്ച് തന്നെ മത്സരിക്കുമെന്നും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ വ്യക്തമാക്കി. 227 വാർഡുകളിലും ഒരുമിച്ച് തിരഞ്ഞെടുപ്പിനെ നേരിടാനാണ് പാർട്ടിയുടെ തീരുമാനമെന്നും ഷിൻഡെ അറിയിച്ചു.