പട്ന : നിതീഷ് കുമാർ വീണ്ടും ബീഹാറിന്റെ മുഖ്യമന്ത്രി പദത്തിലേയ്ക്ക് . നാളെ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെ എല്ലാ എൻഡിഎ നേതാക്കളും പങ്കെടുക്കും.
പത്താം തവണയാണ് നിതീഷ് കുമാർ ബീഹാറിന്റെ മുഖ്യമന്ത്രി പദം ഏറ്റെടുക്കുന്നത് . 2000 ൽ അദ്ദേഹം ആദ്യമായി മുഖ്യമന്ത്രിയായി, പക്ഷേ ഭൂരിപക്ഷം നേടുന്നതിൽ പരാജയപ്പെട്ടതിനെത്തുടർന്ന് ഏഴ് ദിവസത്തിന് ശേഷം രാജിവച്ചു. തുടർന്ന് 2005 ൽ ആർജെഡി ഭരണത്തെ വെല്ലുവിളിച്ച് വൻ ഭൂരിപക്ഷത്തോടെ അദ്ദേഹം അധികാരത്തിൽ തിരിച്ചെത്തി.
2014-ൽ അദ്ദേഹം എൻഡിഎയുമായുള്ള ബന്ധം അവസാനിപ്പിച്ച് പരാജയത്തിന്റെ ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കുകയും ചെയ്തു. 2015-ൽ അദ്ദേഹം ലാലു പ്രസാദ് യാദവുമായി കൈകോർത്ത് മഹാസഖ്യം രൂപീകരിച്ച് തേജസ്വിയെ ഉപമുഖ്യമന്ത്രിയാക്കി സർക്കാർ രൂപീകരിച്ചു. എന്നാൽ 2017-ൽ അദ്ദേഹം വീണ്ടും മഹാസഖ്യം വിട്ട് എൻഡിഎയിൽ ചേർന്നു.2022-ൽ, നിതീഷ് കുമാർ വീണ്ടും എൻഡിഎ വിട്ട് മഹാസഖ്യത്തിൽ ചേർന്നു, പക്ഷേ 2024-ൽ എൻഡിഎയിലേക്ക് മടങ്ങി. ഇപ്പോൾ, 2025-ൽ എൻഡിഎയുടെ ചരിത്ര വിജയത്തോടെ, അദ്ദേഹം പത്താം തവണയും മുഖ്യമന്ത്രിയാകാൻ ഒരുങ്ങുകയാണ്.

