പട്ന: ബിഹാറിൽ നിതീഷ് കുമാർ യുഗത്തിന് അന്ത്യമാകുന്നു. രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ, ചൊവ്വാഴ്ച ജെഡിയു അധ്യക്ഷൻ കൂടിയായ നിതീഷ് ബിഹാർ മുഖ്യമന്ത്രി പദം രാജിവെച്ചു. ഇതോടെ, ഉപമുഖ്യമന്ത്രിയായ ബിജെപി നേതാവ് സാമ്രാട്ട് ചൗധരി ബിഹാർ മുഖ്യമന്ത്രിയാകും.
നിതീഷിന്റെ രാജിക്ക് പിന്നാലെ ചൗധരിയെ ബിജെപി പാർലമെന്ററി പാർട്ടി നേതാവായി പ്രഖ്യാപിച്ചിരുന്നു. ഏപ്രിൽ 15 ബുധനാഴ്ച പകൽ 11.00 മണിക്ക് അദ്ദേഹം ബിഹാറിന്റെ ആദ്യ ബിജെപി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് ബിജെപി വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
2005 മുതൽ തുടർച്ചയായി പത്ത് തവണ ബിഹാർ മുഖ്യമന്ത്രിയായി റെക്കോർഡിട്ട മുതിർന്ന നേതാവാണ് നിതീഷ് കുമാർ. മാർച്ച് 16നായിരുന്നു അദ്ദേഹം രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടത്.
രണ്ട് ദശാബ്ദക്കാലത്തോളം ബിഹാറിന്റെ രാഷ്ട്രീയ ഭാഗധേയം നിർണ്ണയിക്കുന്നതിൽ നിർണായക പങ്കുവഹിച്ച നിതീഷ് കുമാർ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആവശ്യപ്രകാരമാണ് ദേശീയ രാഷ്ട്രീയത്തിലേക്ക് ചുവടുമാറുന്നത് എന്നാണ് എൻഡിഎ നേതാക്കൾ അവകാശപ്പെടുന്നത്. ജംഗിൾ രാജിൽ നിന്നും ബിഹാറിനെ വികസന പാതയിലേക്ക് നയിച്ച നിതീഷിന് പിന്നാലെ, അധികാരത്തിലെത്തുന്ന ബിജെപിക്ക് സംസ്ഥാനത്തിന്റെ ആഗ്രഹത്തിനൊത്ത ഭരണം കാഴ്ചവെക്കാൻ സാധിക്കും എന്നാണ് എൻഡിഎ ബിഹാർ ഘടകം നേതാക്കൾ പൊതുവിൽ പ്രത്യാശ പ്രകടിപ്പിക്കുന്നത്.

