ഡബ്ലിൻ: വിപണിയിൽ നിന്നും പ്രമുഖ ക്രിസ്തുമസ് കാന്റി തിരിച്ച് വിളിച്ച് ഐറിഷ് ഭക്ഷ്യസുരക്ഷാ വകുപ്പ്. സുരക്ഷാ ആശങ്കയെ തുടർന്നാണ് നടപടി. കാർഡ് ഫാക്ടറി നിർമ്മിച്ച ചുവപ്പും വെളുപ്പും നിറത്തിലുള്ള കാന്റി കെയ്നുകളാണ് തിരിച്ച് വിളിച്ചത്.
കാന്റികളിൽ ലോഹത്തിന്റെ സാന്നിദ്ധ്യം ഉള്ളതായി കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് വിൽപ്പന നടത്തിയ മുഴുവൻ മിഠായികളും തിരിച്ച് വിളിച്ചത്. ബാധിക്കപ്പെട്ടിട്ടുള്ള ഉത്പന്നം വാങ്ങിയവർ ഉപയോഗിക്കരുതെന്നും അവ കടകളിൽ തന്നെ തിരിച്ചേൽപ്പിക്കണമെന്നും ഭക്ഷ്യസുരക്ഷാ അതോറിറ്റി നിർദ്ദേശിച്ചിട്ടുണ്ട്. മിഠായികൾ ഏൽപ്പിക്കുന്നവർക്ക് പണം തിരികെ ലഭിക്കും. നവംബർ 2 നും 6 നും ഇടയിൽ വിൽപ്പന നടത്തിയ ഉത്പന്നങ്ങളിലാണ് സുരക്ഷാ ആശങ്കയുളളത്. 2.25 യൂറോയാണ് ഇതിന്റെ വില.

