ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടനക്കേസിൽ എൻഐഎ അഡീഷണൽ ഡയറക്ടർ ജനറൽ (എഡിജി) വിജയ് സാഖറെയുടെ നേതൃത്വത്തിലുള്ള 10 അംഗ സംഘം അന്വേഷണം നടത്തും.
വിജയ് സാഖറെ കൂടാതെ, ഒരു ഐജി, രണ്ട് ഡിഐജിമാർ, മൂന്ന് എസ്പിമാർ, ഡിഎസ്പിമാർ എന്നിവരാണ് സംഘത്തിലുള്ളത്. ചെങ്കോട്ടയ്ക്ക് സമീപമുള്ള കാർ ബോംബ് സ്ഫോടനത്തിന് പിന്നിലുള്ള ഡോ. ഉമർ നബിയാണ് വൈറ്റ് കോളർ ഭീകരതയുടെ തലവനെന്നാണ് അന്വേഷണ സംഘം വിശ്വസിക്കുന്നത്. ഉമർ ഉൾപ്പെടുന്ന സംഘത്തിന് ഭീകര സംഘടനയായ ജെയ്ഷ്-ഇ-മുഹമ്മദുമായുള്ള ബന്ധവും വെളിപ്പെട്ടു. സ്ഫോടനത്തിന്റെ കൂടുതൽ ദൃശ്യങ്ങൾ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. സ്ഫോടനത്തിന് തൊട്ടുപിന്നാലെ സിഗ്നലിലെ ക്യാമറ പ്രവർത്തിക്കുന്നത് നിർത്തിയിരുന്നു.
സ്ഫോടനത്തിന് ദിവസങ്ങൾക്ക് മുമ്പ് ഡോ. ഉമർ നബി സ്ഥലം സന്ദർശിച്ചിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. സ്ഫോടനത്തിന് ഉപയോഗിച്ച കാറിന്റെ സാന്നിധ്യം നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ച വിവിധ ദൃശ്യങ്ങളിൽ വ്യക്തമാണ്. വൈറ്റ് കോളർ തീവ്രവാദികൾ ഫരീദാബാദിലും ഡൽഹിയിലും വലിയ ആക്രമണം ആസൂത്രണം ചെയ്തിരുന്നു. ഭീകരർക്ക് 3200 കിലോഗ്രാം സ്ഫോടകവസ്തുക്കൾ ലഭിച്ചു. ഇതുവരെ 2900 കിലോഗ്രാം സ്ഫോടകവസ്തുക്കൾ പോലീസ് കണ്ടെടുത്തു.
ആഭ്യന്തര മന്ത്രാലയം ഇന്നലെയാണ് അന്വേഷണം എൻഐഎയ്ക്ക് കൈമാറിയത് . ജെയ്ഷ് മൊഡ്യൂളുമായി ബന്ധപ്പെട്ട എല്ലാ കേസുകളും ജമ്മു കശ്മീർ , ഡൽഹി , ഹരിയാന പോലീസുകളിൽ നിന്ന് നിന്ന് എൻഐഎ സംഘം ഏറ്റെടുക്കുമെന്നാണ് റിപ്പോർട്ട്. കേസിലെ അന്വേഷണ പുരോഗതി എൻഐഎ ഡയറക്ടർ ജനറൽ, ഐബി മേധാവി എന്നിവർ ചർച്ച ചെയ്യും. സ്ഫോടന സംഘത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്നും എൻഐഎയ്ക്ക് സൂചന ലഭിച്ചു.

