ന്യൂഡൽഹി : ഇന്ത്യയുടെ പുതിയ ഉപരാഷ്ട്രപതിയായി എൻഡിഎ സ്ഥാനാർത്ഥിയും മുൻ മഹാരാഷ്ട്ര ഗവർണറുമായ സി.പി. രാധാകൃഷ്ണൻ തിരഞ്ഞെടുക്കപ്പെട്ടു. സി.പി. രാധാകൃഷ്ണന് 452 വോട്ടുകൾ ലഭിച്ചപ്പോൾ എതിരാളിയായ സുദർശൻ റെഡ്ഡിക്ക് 300 വോട്ടുകൾ ലഭിച്ചു. 152 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയം .
ഈ തിരഞ്ഞെടുപ്പിൽ ആകെ 788 എംപിമാർക്ക് വോട്ടവകാശം ഉണ്ടായിരുന്നു . അതിൽ 781 പേർ തിരഞ്ഞെടുപ്പിൽ പങ്കെടുത്തു. വോട്ടിംഗ് ശതമാനം 98.2% ആയിരുന്നു. ആകെ 768 വോട്ടുകൾ രേഖപ്പെടുത്തി, അതിൽ 752 വോട്ടുകൾ സാധുവായിരുന്നു.
ഉപരാഷ്ട്രപതിയുടെ പതിനേഴാമത് തിരഞ്ഞെടുപ്പിനായി ഓഗസ്റ്റ് 7 ന് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ആകെ 68 നാമനിർദ്ദേശങ്ങൾ ലഭിച്ചു . നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധനയ്ക്ക് ശേഷം, സിപി രാധാകൃഷ്ണന്റെയും ബി സുദർശൻ റെഡ്ഡിയുടെയും പേരുകൾ മാത്രമേ സാധുവാണെന്ന് കണ്ടെത്തിയത്.
അതേസമയം ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ വിജയിച്ചതിന് സി പി രാധാകൃഷ്ണനെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു. ‘സാമൂഹിക സേവനത്തിനും ദരിദ്രരെയും നിരാലംബരെയും ശാക്തീകരിക്കുന്നതിനും വേണ്ടി അദ്ദേഹം എപ്പോഴും സമർപ്പിച്ച ജീവിതം. നമ്മുടെ ഭരണഘടനാ മൂല്യങ്ങൾ ശക്തിപ്പെടുത്തുകയും പാർലമെന്ററി സംഭാഷണങ്ങൾ മുന്നോട്ട് കൊണ്ടുപോകുകയും ചെയ്യുന്ന മികച്ച ഒരു ഉപരാഷ്ട്രപതിയായിരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.’ എന്നാണ് മോദിയുടെ വാക്കുകൾ.

