ന്യൂഡൽഹി: പാകിസ്ഥാനു വേണ്ടി ചാരവൃത്തി നടത്തിയതിന് ഇന്ത്യൻ നാവികസേന ജീവനക്കാരനെ അറസ്റ്റ് ചെയ്തു. ഡൽഹിയിലെ വ്യോമസേന ആസ്ഥാനത്തെ ഡോക്ക്യാർഡ് ഡയറക്ടറേറ്റിലെ ക്ലാർക്കായി ജോലി ചെയ്യുന്ന വിശാൽ യാദവാണ് അറസ്റ്റിലായത്. ഹരിയാന സ്വദേശിയാണ് വിശാൽ . പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐക്ക് വേണ്ടി വർഷങ്ങളായി വിവരങ്ങൾ ചോർത്തിക്കൊണ്ടിരുന്നതായി റിപ്പോർട്ടുകൾ പറയുന്നു. അതിർത്തി കടന്നുള്ള ഭീകരത ഇല്ലാതാക്കാൻ ഓപ്പറേഷൻ സിന്ദൂർ നടന്ന സമയത്തും വിശാൽ പാകിസ്ഥാന് വിവരങ്ങൾ കൈമാറിയതായി കണ്ടെത്തി.
വിശാലിനെ മാസങ്ങളായി രാജസ്ഥാൻ പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗം നിരീക്ഷിക്കുന്നുണ്ടായിരുന്നു. . 1923 ലെ ഔദ്യോഗിക രഹസ്യ നിയമപ്രകാരമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.. നാവികസേനയുമായും മറ്റ് പ്രതിരോധ യൂണിറ്റുകളുമായും ബന്ധപ്പെട്ട രഹസ്യ രേഖകൾ പാകിസ്ഥാനിലെ ഒരു സ്ത്രീക്ക് ഇയാൾ കൈമാറി. പ്രിയ ശർമ്മ എന്ന സ്ത്രീയുമായി വിശാൽ സോഷ്യൽ മീഡിയ വഴി ബന്ധപ്പെട്ടു.
പണത്തിനായി ചാരവൃത്തി നടത്തിയിരുന്നതായും അന്വേഷണത്തിൽ വ്യക്തമായി. പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസികളുടെ ചാരവൃത്തി രാജസ്ഥാനിലെ സിഐഡി രഹസ്യാന്വേഷണ വിഭാഗം നിരീക്ഷിക്കുന്നുണ്ടെന്നും വിശാലിന്റെ അറസ്റ്റ് ഇതിന്റെ ഭാഗമാണെന്നും മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ വിഷ്ണുകാന്ത് ഗുപ്ത പറഞ്ഞു.
ഓൺലൈൻ ഗെയിമുകൾക്ക് അടിമയായ വിശാൽ തന്റെ സാമ്പത്തിക ബാധ്യതകൾ തീർക്കാൻ പാകിസ്ഥാനിലേക്ക് രഹസ്യമായി വിവരങ്ങൾ ചോർത്തിയെന്നാണ് പൊലീസ് പറയുന്നത് . ക്രിപ്റ്റോകറൻസി ട്രേഡിംഗ് അക്കൗണ്ട് വഴിയാണ് ഇയാൾക്ക് പണം ലഭിച്ചത്. കസ്റ്റഡിയിലെടുത്ത പ്രതിയെ ചോദ്യം ചെയ്തു വരികയാണെന്നും കൂടുതൽ വിവരങ്ങൾ ആവശ്യമാണെന്നും പോലീസ് പറഞ്ഞു.

