മുംബൈ : പോലീസ് അനുമതി നിഷേധിച്ചിട്ടും മുംബൈയിലെ ശിവാജി പാർക്കിൽ പാറ്റാപാർട്ടിയുടെ പ്രതിഷേധം . മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ പരിഹാസരൂപേണയുള്ള പോസ്റ്ററുകളും മീമുകളും മുദ്രാവാക്യങ്ങളും ഉയർത്തിയായിരുന്നു പ്രതിഷേധം .ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യവ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ തുടക്കമെന്ന നിലയിൽ ഇന്ന് ശിവാജി പാർക്കിൽ ഒത്തുകൂടാൻ ദിപ്കെ അനുയായികളോട് ആഹ്വാനം ചെയ്തിരുന്നു.
മൈതാനത്തേക്കുള്ള പ്രധാന പ്രവേശന കവാടങ്ങളിൽ പോലീസ് ബാരിക്കേഡുകൾ സ്ഥാപിക്കുകയും സേന ഭവന് ചുറ്റുമുള്ള വാഹന ഗതാഗതം നിയന്ത്രിക്കുകയും ചെയ്തു. ദാദർ റെയിൽവേ സ്റ്റേഷന് ചുറ്റും സുരക്ഷ ശക്തമാക്കുകയും, ഗവൺമെന്റ് റെയിൽവേ പോലീസും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സും കൂടുതൽ ഉദ്യോഗസ്ഥരെ വിന്യസിക്കുകയും ചെയ്തു.
ഗ്യാനേഷ് ബ്രോ, രാജിവെക്കൂ, ഗ്യാനു നിങ്ങൾക്ക് ജനാധിപത്യത്തിൽ വിശ്വാസമില്ലേ? , വഞ്ചകനായ ഗ്യാനു പുറത്തുപോകണം എന്നിവയായിരുന്നു പ്രതിഷേധത്തിൽ ഉയർന്ന പ്രധാന പോസ്റ്ററുകൾ.ചിലർ പരിഹാസരൂപേണയുള്ള മീമുകളും സിനിമയിലെ സംഭാഷണങ്ങളും ഉപയോഗിച്ചപ്പോൾ, മറ്റുചിലർ വ്യത്യസ്തമായ വസ്തുക്കൾ കൈയിലേന്തിയിരുന്നു.പ്രശസ്ത നടൻ നസീറുദ്ദീൻ ഷായും പ്രതിഷേധ വേദിയിൽ സന്നിഹിതനായിരുന്നു. സിജെപി നടത്തുന്ന സമരത്തിന് ശിവസേന (യുബിടി), മഹാരാഷ്ട്ര നവനിർമാൺ സേന എന്നിവർ പിന്തുണ പ്രഖ്യാപിച്ചു.
ഗ്യാനേഷ് കുമാര്‍ രാജിവെക്കുന്നത് വരെ സമരം തുടരുമെന്ന് അഭിജിത് ദീപ്കെ പറഞ്ഞു . ഗ്യാനേഷ് കുമാര്‍ രാജിവെക്കുക, അദ്ദേഹത്തിനെതിരെ ക്രിമിനല്‍ കുറ്റങ്ങള്‍ ചുമത്തുക എന്നിവയാണ് പ്രതിഷേധക്കാരുടെ ആവശ്യങ്ങള്‍. എസ്ഐആര്‍ നടപടികള്‍ അടിയന്തരമായി നിര്‍ത്തിവെക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് നിയമനങ്ങളില്‍ സുതാര്യത ഉറപ്പാക്കണമെന്നും സിജെപി ആവശ്യപ്പെടുന്നുണ്ട്.

