കൊച്ചി: എത്യോപ്യയിലെ ഹെയ്ലി ഗുബ്ബി അഗ്നിപർവ്വത സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ നെടുമ്പാശ്ശേരിയിൽ നിന്നുള്ള കൂടുതൽ വിമാന സർവീസുകൾ തടസ്സപ്പെടാൻ സാധ്യത . ജിദ്ദയിലേക്കുള്ള ആകാശ് എയർ, ദുബായിലേക്കുള്ള ഇൻഡിഗോ എന്നിവ കഴിഞ്ഞ ദിവസം സർവീസുകൾ നിർത്തിവച്ചിരുന്നു. ഇന്നലെ രാത്രി പുറപ്പെടേണ്ടിയിരുന്ന ദുബായിലേക്കുള്ള സ്പൈസ് ജെറ്റ് വിമാനവും ഇന്നത്തേക്ക് പുനഃക്രമീകരിച്ചിരുന്നു .
അഗ്നിപർവ്വത സ്ഫോടനം ഏഷ്യയിലെ വ്യോമ ഗതാഗതത്തെ സാരമായി ബാധിച്ചിട്ടുണ്ട് . ഡൽഹി ഉൾപ്പെടെയുള്ള നഗരങ്ങളിൽ പുക മേഘങ്ങൾ എത്തിയിട്ടുണ്ട്. രാജസ്ഥാനിലും മഹാരാഷ്ട്രയിലും കനത്ത പുക അനുഭവപ്പെടുന്നു . ഈ സാഹചര്യത്തിൽ, വിമാനക്കമ്പനികളോട് ജാഗ്രത പാലിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. ഗൾഫ് മേഖലയിലേക്കുള്ള വിമാന ഗതാഗതവും പ്രതിസന്ധിയിലാണ്. കണ്ണൂർ-അബുദാബി വിമാനം അഹമ്മദാബാദിൽ ലാൻഡ് ചെയ്തതായും വിവരമുണ്ട്.
അഗ്നിപർവ്വത സ്ഫോടനത്തിൽ നിന്നുള്ള പൊടിപടലങ്ങൾ വായു ഗുണനിലവാര സൂചികയെ ബാധിക്കുമെന്നും അത്തരം സാഹചര്യങ്ങളിൽ ആളുകൾ തീർച്ചയായും മാസ്ക് ധരിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. ഏകദേശം 10,000 വർഷമായി നിദ്രയിലായിരുന്ന ഹെയ്ലി ഗുബ്ബി അഗ്നിപർവ്വതം ഞായറാഴ്ച രാവിലെ 8:30 ഓടെയാണ് പൊട്ടിത്തെറിച്ചത്.

