ഇടുക്കി ; മുല്ലപ്പെരിയാർ അണക്കെട്ടിന്റെ 13 ഷട്ടറുകൾ തുറന്നു. ജലനിരപ്പ് പൂർണ്ണ ശേഷിയിലേക്ക് അടുക്കുന്നതിനിടെയാണ് പെരിയാർ നദിയിലേക്ക് വെള്ളം തുറന്നുവിട്ടത്. ഓരോ ഷട്ടറും 10 സെന്റീമീറ്റർ ഉയർത്തി, സെക്കൻഡിൽ 250 ക്യുസെക്സ് വെള്ളം ഇപ്പോൾ പുറത്തേക്ക് ഒഴുകുന്നുണ്ടെന്ന് തമിഴ്നാട് ജലവിഭവ വകുപ്പ് കേരള അധികൃതർക്ക് നൽകിയ വിവരങ്ങളിൽ പറയുന്നു.
128 വർഷം പഴക്കമുള്ള അണക്കെട്ടിലെ ജലനിരപ്പ് 136 അടി കടന്നതിനെത്തുടർന്നാണ് രാവിലെ 11.30 ഓടെ ഷട്ടറുകൾ തുറന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളിൽ പെയ്ത കനത്ത മഴയെത്തുടർന്നാണ് ജലനിരപ്പ് ഉയർന്നത്.ഇന്നലെ രാത്രി 10 മണിയോടെ തന്നെ ജലനിരപ്പ് 136 അടിയില് എത്തിയിരുന്നു. രാത്രിയിൽ അണക്കെട്ട് തുറക്കരുതെന്ന് കോടതി ഉത്തരവ് ഉള്ളതിനാലും ഇടുക്കി ജില്ല ഭരണകൂടത്തിന്റെ നിർദ്ദേശം പരിഗണിച്ചുമാണ് രാവിലെ തുറക്കാൻ തീരുമാനിച്ചത്.
ജലനിരപ്പ് 136 അടിയിലെത്തിയാൽ ഷട്ടറുകൾ തുറക്കുമെന്ന് അണക്കെട്ട് കൈകാര്യം ചെയ്യുന്ന ഇടുക്കി ജില്ലാ ഭരണകൂടം അറിയിച്ചിരുന്നു . ദിവസങ്ങൾ നീണ്ട തയ്യാറെടുപ്പുകൾ നടത്തിയതിനു പിന്നാലെയാണ് നടപടി.പെരിയാർ, മഞ്ഞുമല, ഉപ്പുതുറ, ഏലപ്പാറ, അയ്യപ്പൻകോവിൽ, കാഞ്ചിയാർ, ആനവിലാസം, ഉടുമ്പൻചോല തുടങ്ങിയ ഗ്രാമങ്ങളിൽ അധികൃതർ നേരത്തെ തന്നെ അതീവ ജാഗ്രത പുലർത്തിയിരുന്നു.20 ലധികം ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്, ആവശ്യമായ സ്ഥലങ്ങളിലേയ്ക്ക് ആളുകളെ മാറ്റിപ്പാർപ്പിക്കുന്നതിന് സഹായിക്കാൻ പ്രാദേശിക പോലീസിനും റവന്യൂ ഉദ്യോഗസ്ഥർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.
മുല്ലപ്പെരിയാർ അണക്കെട്ട് കേരളത്തിലാണ് സ്ഥിതി ചെയ്യുന്നതെങ്കിലും, 1886 ൽ ഒപ്പുവച്ച 999 വർഷത്തെ പാട്ടക്കരാർ പ്രകാരമാണ് തമിഴ്നാട് ഇത് പ്രവർത്തിപ്പിക്കുന്നത്.അണക്കെട്ടിന്റെ കാലപ്പഴക്കം കാരണം കേരളം സുരക്ഷാ ആശങ്കകൾ ഉയർത്തുന്നു, അതേസമയം കൃഷിയിടങ്ങളിലേക്ക് വെള്ളം എത്തിക്കുന്നതിന് ഇത് നിർണായകമാണെന്നാണ് തമിഴ്നാട് വാദിക്കുന്നത്.

