പ്രയാഗ് രാജ് : മഹാകുംഭമേളയിൽ പുണ്യസ്നാനം ചെയ്യാനെത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയും കുടുംബവും. അംബാനി കുടുംബത്തിലെ നാല് തലമുറകളാണ് പുണ്യഭൂമിയിൽ എത്തിയത്.
മുകേഷ് അംബാനിയുടെ അമ്മ കോകിലബെൻ അംബാനി , പെൺമക്കളായ ദീപ്തി സാൽഗോക്കർ, നീന കോത്താരി , മുകേഷ് അംബാനിയുടെ മക്കളായ അനന്ത്, ആകാശ് അംബാനി, ആകാശിന്റെ ഭാര്യ ശ്ലോക മേത്ത അംബാനി, അവരുടെ രണ്ട് മക്കളായ പൃഥ്വി, വേദ എന്നിവരും ഒപ്പമുണ്ടായിരുന്നു. ഇവർ സുരക്ഷാഗാർഡുകൾക്കൊപ്പം ബോട്ടിൽ കയറാൻ പോകുന്നതിന്റെയടക്കം ദൃശ്യങ്ങളും പുറത്ത് വന്നു.
കുടുംബം പർമാർത്ത് നികേതൻ ആശ്രമത്തിലെ സ്വാമി ചിദാനന്ദ് സരസ്വതി മഹാരാജിനെ കാണുകയും ആശ്രമത്തിൽ വെച്ച് മധുരപലഹാരങ്ങളും ലൈഫ് ജാക്കറ്റുകളും വിതരണം ചെയ്യുകയും ചെയ്തു. മുകേഷ് അംബാനിയുടെ ഇളയ സഹോദരനും വ്യവസായിയുമായ അനിൽ അംബാനിയും ഭാര്യ ടിന അംബാനിയും കഴിഞ്ഞമാസം മഹാകുംഭമേളയിൽ പങ്കെടുക്കാനായി പ്രയാഗ് രാജിൽ എത്തിയിരുന്നു.

