ഗയ: കേന്ദ്രമന്ത്രി ജിതൻ റാം മാഞ്ചിയുടെ ചെറുമകൾ ഭർത്താവിൻ്റെ വെടിയേറ്റ് മരിച്ചു. ബീഹാറിലെ ഗയയിലാണ് സംഭവം. കുടുംബ വഴക്കിനെ തുടർന്നാണ് സുഷമാദേവിയെ (32) ഭർത്താവ് രമേശ് കൊലപ്പെടുത്തിയതെന്നാണ് റിപ്പോർട്ട്.
ടെറ്റുവ ഗ്രാമത്തിലെ വീട്ടിൽ വച്ചാണ് സുഷമ ആക്രമിക്കപ്പെട്ടത്. വെടിവെപ്പ് നടക്കുമ്പോൾ സുഷമയുടെ മക്കളും സഹോദരി പൂനം കുമാരിയും വീട്ടിലുണ്ടായിരുന്നു. ഉച്ചയ്ക്ക് 12 മണിയോടെ വീട്ടിലെത്തിയ രമേശ് സുഷമയുമായി വഴക്കിട്ടു. ഇതിനിടെ രമേഷ് നാടൻ തോക്ക് എടുത്ത് സുഷമയ്ക്ക് നേരെ നിറയൊഴിക്കുകയായിരുന്നു. പിന്നീട് രമേഷ് സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടുവെന്നും പൂനം പറഞ്ഞു.
വെടിയൊച്ച കേട്ട് ഓടിയെത്തിയപ്പോഴാണ് രക്തത്തിൽ കുളിച്ചുകിടക്കുന്ന സുഷമയെ കണ്ടത്. സുഷമയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല .രമേശിനെ അറസ്റ്റ് ചെയ്യാൻ പൊലീസ് പ്രത്യേക സംഘം രൂപീകരിച്ചു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

