ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂരിന് ശേഷം, പാക് ഭീകരത ലോകത്തിന് മുന്നിൽ തുറന്നുകാട്ടാൻ കേന്ദ്ര സർക്കാർ . ഇതിനായി വിവിധ രാജ്യങ്ങളിലേക്ക് ഒരു സംഘത്തെ അയയ്ക്കാനാണ് പദ്ധതി . പാകിസ്ഥാനിൽ നിന്ന് ഉയർന്നുവരുന്ന ഭീകരതയെക്കുറിച്ച് അന്താരാഷ്ട്ര സമൂഹത്തെ ബോധവാന്മാരാക്കുക എന്നതാണ് ഈ ദൗത്യത്തിന്റെ ലക്ഷ്യം. ഈ സംരംഭത്തിലെ ഒരു പ്രതിനിധി സംഘത്തെ കോൺഗ്രസ് നേതാവ് ശശി തരൂർ നയിക്കും. കേന്ദ്ര സർക്കാരിന്റെ ക്ഷണം ശശി തരൂർ സ്വീകരിച്ചു. തരൂർ ഉൾപ്പെടെയുള്ള സംഘം യുഎസിലും യുകെയിലും പര്യടനം നടത്തും
അതിർത്തി കടന്നുള്ള ഭീകരതയ്ക്കെതിരെ ഒരു സഖ്യം കെട്ടിപ്പടുക്കാൻ സർക്കാർ ശ്രമിക്കുന്നു. ഇതിനായി പ്രതിപക്ഷ പാർട്ടികളുമായി സർക്കാർ ചർച്ചകൾ നടത്തുന്നു. പ്രതിനിധി സംഘത്തിന്റെ ഘടനയും സമയക്രമവും അന്തിമമാക്കുന്നതിന് മുമ്പ് എല്ലാവരുമായും ഒരു ധാരണയിലെത്തുക എന്നതാണ് സർക്കാരിന്റെ നീക്കം .
വിദേശ രാജ്യങ്ങൾ, ആഗോള നേതാക്കൾ, മാധ്യമങ്ങൾ എന്നിവരുമായി പ്രതിനിധി സംഘം സംവദിക്കും, ഓപ്പറേഷൻ സിന്ദൂരിന്റെ ആവശ്യകതയെയും പ്രത്യാഘാതങ്ങളെയും കുറിച്ചുള്ള ഇന്ത്യയുടെ കാഴ്ചപ്പാട് പങ്കിടും. ഈ പരിപാടിയുടെ ഭാഗമാകുമെന്ന് കോൺഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്. ദേശീയ താൽപ്പര്യത്തോടൊപ്പം കോൺഗ്രസ് നിലകൊള്ളുന്നുവെന്നും ദേശീയതയെ രാഷ്ട്രീയവൽക്കരിക്കുന്ന ബിജെപിയുടെ നിലപാടിനെ മാത്രമേ എതിർക്കുന്നുള്ളൂവെന്നും കോൺഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു.കേന്ദ്രമന്ത്രി കിരൺ റിജിജു കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയുമായി ഇതുസംബന്ധിച്ച് സംസാരിച്ചതായും ജയറാം രമേശ് പറഞ്ഞു

