ലക്നൗ : പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ പ്രതിയെ വെടിവച്ച് വീഴ്ത്തി യുപി പൊലീസ് . ലക്നൗ ബന്ത്ര പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം .പ്രതികളിലൊരാളായ ലളിതിന്റെ കാലിനാണ് വെടിയേറ്റത്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . ഒപ്പമുണ്ടായിരുന്ന കൂട്ടാളിയും പിടിയിലായി.ഇവരിൽ നിന്ന് ഒരു നാടൻ പിസ്റ്റൾ, വെടിയുണ്ടകൾ, ഒരു മോട്ടോർ സൈക്കിൾ എന്നിവ കണ്ടെടുത്തു. കേസിലെ ഒരു പ്രതി ഇപ്പോഴും ഒളിവിലാണ്.
ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ തന്റെ സഹോദരിയെ കാണാൻ വീട്ടിൽ നിന്ന് ഇറങ്ങിയ വിദ്യാർഥിനിയെയാണ് സംഘം പീഡിപ്പിച്ചത് . പെൺകുട്ടിയ്ക്കൊപ്പമുണ്ടായിരുന്ന സുഹൃത്തിനെ മർദ്ദിക്കുകയും ഓടിക്കുകയും ചെയ്ത ശേഷം വിദ്യാർത്ഥിനിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോകുകയായിരുന്നു. വിശാൽ ഗുപ്ത, രാജേന്ദ്ര കശ്യപ് എന്ന ബാബു, മെരാജ്, ലളിത് കശ്യപ്, ശിവ് കശ്യപ് എന്നിവരാണ് മദ്യലഹരിയിൽ പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തത്. അവശനിലയിലായ കുട്ടി വൈകുന്നേരം 5 മണിയോടെ വീട്ടിൽ തിരിച്ചെത്തി വീട്ടുകാരെ വിവരം അറിയിച്ചു.
മാതാപിതാക്കൾ നകിയ പരാതിയുടെ അടിസ്ഥാനത്തിൽ, ബന്ത്ര പോലീസ് സ്റ്റേഷൻ ഉടൻ തന്നെ ഐപിസി സെക്ഷൻ 70(2), 351(3), പോക്സോ ആക്ടിലെ സെക്ഷൻ 5(g)/6 എന്നിവ പ്രകാരം കേസെടുത്തു . പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. പ്രതികൾക്കായി പൊലീസ് പ്രത്യേക സംഘങ്ങൾ രൂപീകരിച്ച് അന്വേഷണം ആരംഭിക്കുകയും ചെയ്തു. ഇന്നലെ രാത്രി വൈകി, ഹരോണി റെയിൽവേ സ്റ്റേഷനിൽ പോലീസ് പരിശോധന നടത്തുന്നതിനിടെ, ബൈക്കിലെത്തിയ രണ്ട് പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞു. ബൈക്ക് നിർത്താൻ ആവശ്യപ്പെട്ടെങ്കിലും അവർ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുകയും പോലീസിന് നേരെ വെടിയുതിർക്കുകയും ചെയ്തു. പോലീസ് തിരിച്ചു വെടിയുതിർത്തപ്പോഴാണ് ലളിതിന് പരിക്കേറ്റത്.

