ഇന്ത്യൻ വ്യോമസേനയുടെ മിഗ് -29 യുദ്ധവിമാനം ആഗ്രയ്ക്ക് സമീപം തകർന്ന് വീണു . നിലത്ത് വീണ ഉടൻ വിമാനത്തിന് തീ പിടിച്ചു . വിമാനം തകർന്ന് വീഴും മുൻപ് പൈലറ്റ് ഉൾപ്പെടെ രണ്ട് പേരും സുരക്ഷിതരായി പുറത്തെത്തി . അപകടത്തെ കുറിച്ച് അന്വേഷിക്കുമെന്ന് വ്യോമസേന അറിയിച്ചു .
പഞ്ചാബിലെ ആദം പൂരിൽ നിന്നാണ് പറന്നുയർന്ന വിമാനം പരിശീലനത്തിനായി ആഗ്രയിലേയ്ക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത് . ആഗ്രയിലെ സോംഗ്ര ഗ്രാമത്തിലാണ് വിമാനം തകർന്ന് വീണത് . അപകട വിവരം അറിഞ്ഞതോടെ ഉന്നത സൈനിക ഉദ്യോഗസ്ഥർ സ്ഥലത്തെത്തി . 1987 ലാണ് മിഗ് യുദ്ധവിമാനങ്ങൾ ഇന്ത്യൻ സൈന്യത്തിന്റെ ഭാഗമായത് . ഈ വർഷം സെപ്റ്റംബറിലും മിഗ് വിമാനങ്ങളിലൊന്ന് രാജസ്ഥാനിൽ തകർന്ന് വീണിരുന്നു.
സോവിയറ്റ് റഷ്യയിലാണ് മിഗ് വിമാനങ്ങൾ നിർമ്മിച്ചത് . ആധുനികവത്ക്കരിച്ച വിമാനമാണ് അപകടത്തിൽപ്പെട്ടതെന്നും സൂചനയുണ്ട് . അതേസമയം വിമാനം ജനവാസ മേഖലയിൽ വീഴാതിരുന്നത് ഏറെ ആശ്വാസകരമാണെന്ന് അധികൃതർ പറഞ്ഞു.