രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ കോടീശ്വരനായി അരവിന്ദ് ശ്രീനിവാസ്. ചെന്നൈയിൽ ജനിച്ച 31 കാരനായ AI സംരംഭകനാണ് അരവിന്ദ് ശ്രീനിവാസ്. 21,190 കോടി രൂപയുടെ ആസ്തിയോടെയാണ് അരവിന്ദ് ശ്രീനിവാസ് M3M ഹുറുൺ ഇന്ത്യ റിച്ച് ലിസ്റ്റിൽ 2025-ൽ ഇടം നേടിയത്. AI സ്റ്റാർട്ടപ്പ് പെർപ്ലെക്സിറ്റിയുടെ സ്ഥാപകനും സിഇഒയുമാണ് അരവിന്ദ് ശ്രീനിവാസ്.
1994 ജൂൺ 7 ന് തമിഴ്നാട്ടിലെ ചെന്നൈയിൽ ജനിച്ച അരവിന്ദ് മദ്രാസ് ഐഐടിയിലാണ് പഠിച്ചത് . തുടർന്ന് ബെർക്ക്ലിയിലെ കാലിഫോർണിയ സർവകലാശാലയിൽ കമ്പ്യൂട്ടർ സയൻസിൽ പിഎച്ച്ഡി നേടി. കമ്പ്യൂട്ടർ വിഷൻ, റൈൻഫോഴ്സ്മെന്റ് ലേണിംഗ്, ഇമേജ് ജനറേഷനുള്ള ട്രാൻസ്ഫോർമർ അധിഷ്ഠിത മോഡലുകൾ, ഇമേജ് റെക്കഗ്നിഷൻ, വീഡിയോ ജനറേഷൻ എന്നിവയ്ക്കായുള്ള കോൺട്രാസ്റ്റീവ് ലേണിംഗ് എന്നിവയിലായിരുന്നു അദ്ദേഹത്തിന്റെ ഗവേഷണം.
ലോകത്തിലെ മുൻനിര ടെക് ഭീമന്മാരിൽ ചിലരിൽ നിന്ന് ബിസിനസ് പാഠങ്ങൾ സ്വായത്തമാക്കി . റീഇൻഫോഴ്സ്മെന്റ് ലേണിംഗിൽ ഓപ്പൺഎഐയിൽ ജോലി ചെയ്ത അദ്ദേഹം പിന്നീട് ലണ്ടനിലെ ഡീപ്മൈൻഡിൽ ചേർന്നു. അവിടെ അദ്ദേഹം കോൺട്രാസ്റ്റീവ് ലേണിംഗിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.
2022 ഓഗസ്റ്റിൽ, ശ്രീനിവാസ് ഡെനിസ് യാരാറ്റ്സും ആൻഡി കോൺവിൻസ്കിയും ചേർന്ന് പെർപ്ലെക്സിറ്റി എഐ സ്ഥാപിച്ചു. കമ്പനിയുടെ എഐ-പവർഡ് ചാറ്റ് അധിഷ്ഠിത സെർച്ച് എഞ്ചിൻ, ജിപിടി-3 പോലുള്ള മോഡലുകൾ ഉപയോഗിച്ച് ഉപയോക്തൃ ചോദ്യങ്ങൾക്ക് വേഗതയേറിയതും കൃത്യവും വിശ്വസനീയവുമായ ഉത്തരങ്ങൾ നൽകാൻ തുടങ്ങി.
നിരവധി എഐ സ്റ്റാർട്ടപ്പുകളിൽ നിക്ഷേപകൻ കൂടിയാണ് അരവിന്ദ് ശ്രീനിവാസ്. അടുത്തിടെ, ഗൂഗിളിന്റെ ക്രോം ബ്രൗസർ വാങ്ങാൻ സുന്ദർ പിച്ചെയ്ക്ക് മുന്നിൽ 34.5 ബില്യൺ ഡോളറിന്റെ ഓഫർ മുന്നോട്ടുവച്ചുകൊണ്ട് അരവിന്ദ് വാർത്തകളിൽ ഇടം നേടിയിരുന്നു.

