ഇസ്ലാമാബാദ് : ജയ്ഷെ മുഹമ്മദ് ഭീകരനായ മൗലാന മസൂദ് അസ്ഹറിന്റെ കുടുംബത്തെ ഇന്ത്യൻ സൈന്യം തകർത്തെറിഞ്ഞ് ജെയ്ഷെ മുഹമ്മദ് കമാൻഡർ മസൂദ് ഇല്യാസ് കശ്മീരി .‘ഓപ്പറേഷൻ സിന്ദൂർ’ എന്ന പേരിൽ പാകിസ്ഥാനിലെയും പാകിസ്ഥാൻ അധിനിവേശ കശ്മീരിലെയും (പിഒകെ) നിരവധി ഭീകര കേന്ദ്രങ്ങൾ ഇന്ത്യ നശിപ്പിച്ച് മാസങ്ങൾക്ക് ശേഷമാണ് ഈ വെളിപ്പെടുത്തൽ.
ഇന്റർനെറ്റിൽ വൈറലായ ഒരു വീഡിയോയിൽ, ഇന്ത്യൻ സായുധ സേന അവരുടെ ഒളിത്താവളത്തിൽ പ്രവേശിച്ച് അവരെ ആക്രമിച്ചതെങ്ങനെയെന്ന് ജെയ്ഷെ മുഹമ്മദ് കമാൻഡർ മസൂദ് ഇല്യാസ് കശ്മീരി വിശദീകരിക്കുന്നത് കേൾക്കാം.“ഭീകരതയെ സ്വീകരിച്ചുകൊണ്ട്, ഈ രാജ്യത്തിന്റെ അതിർത്തികൾ സംരക്ഷിച്ചതിന് ഞങ്ങൾ ഇന്ത്യ, കാബൂൾ, കാണ്ഡഹാർ എന്നിവയ്ക്കെതിരെ പോരാടി. എല്ലാം ത്യജിച്ചു , എന്നാൽ മെയ് 7 ന്, ബഹാവൽപൂരിൽ മൗലാന മസൂദ് അസ്ഹറിന്റെ കുടുംബത്തെ ഇന്ത്യൻ സൈന്യം കീറിമുറിച്ചു തകർത്തെറിഞ്ഞു ” മസൂദ് ഇല്യാസ് കശ്മീരി ഉറുദുവിൽ പറഞ്ഞു.
‘ഓപ്പറേഷൻ സിന്ദൂർ’ എന്ന പേരിൽ ഇന്ത്യൻ സായുധ സേന പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഒമ്പത് ഭീകര കേന്ദ്രങ്ങളിൽ ഒറ്റരാത്രികൊണ്ടാണ് ഏകോപിതമായ ആക്രമണം നടത്തിയത് . ജയ്ഷ്-ഇ-മുഹമ്മദ് (ജെഎം), ലഷ്കർ-ഇ-തൊയ്ബ (എൽഇടി) എന്നിവയുടെ അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിട്ടായിരുന്നു ഇത്. തീവ്രവാദ പ്രവർത്തനങ്ങളുടെ അറിയപ്പെടുന്ന കേന്ദ്രങ്ങളായ ബഹാവൽപൂർ, കോട്ലി, മുറിദ്കെ എന്നിവിടങ്ങളിലെ സ്ഥലങ്ങൾ ഉൾപ്പെടെ ഒമ്പത് സ്ഥലങ്ങൾ ആക്രമണത്തിൽ തകർന്നതായി പാകിസ്ഥാൻ പിന്നീട് സമ്മതിച്ചു.
പാകിസ്ഥാനിലെ പന്ത്രണ്ടാമത്തെ വലിയ നഗരമായ ബഹാവൽപൂർ, ജെയ്ഷെ മുഹമ്മദിന്റെ നാഡി കേന്ദ്രമായി പ്രവർത്തിക്കുന്നതിനാലാണ് ലക്ഷ്യമിട്ടത്.ഓപ്പറേഷൻ സിന്ദൂരിൽ, തന്റെ കുടുംബാംഗങ്ങളിൽ 10 പേർ കൊല്ലപ്പെട്ടുവെന്ന് അസർ തന്നെ പറഞ്ഞിരുന്നു. ലാഹോറിൽ നിന്ന് ഏകദേശം 400 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഇവിടെ, ഉസ്മാൻ-ഒ-അലി കാമ്പസ് എന്നറിയപ്പെടുന്ന ജാമിയ മസ്ജിദ് സുബ്ഹാൻ അല്ലാഹ് എന്ന സ്ഥലത്താണ് ജെയ്ഷെ മുഹമ്മദിന്റെ ആസ്ഥാനമന്ദിരം സ്ഥിതിചെയ്തിരുന്നത്. ഇന്ത്യയ്ക്കെതിരായ ആക്രമണം ജെയ്ഷെ ആസ്ഥാനത്ത് നിന്നാണ് ആസൂത്രണം ചെയ്തതെന്ന് ഇന്ത്യൻ ആർമി കേണൽ സോഫിയ ഖുറേഷി പത്രസമ്മേളനത്തിൽ സ്ഥിരീകരിച്ചിരുന്നു.

