ന്യൂഡൽഹി : 13 ലക്ഷം തലയ്ക്ക് വിലയുള്ള മാവോയിസ്റ്റ് ദമ്പതികൾ പിടിയിൽ. റായ്പൂരിൽ നിന്നാണ് ജഗ്ഗു കുർസം എന്ന രവി എന്ന രമേശ് (28), ഭാര്യ കമല കുർസം (27) എന്നിവരെ പിടികൂടിയത് . ഇരുവരും ഒളിവിൽ കഴിയുകയായിരുന്നു, റായ്പൂർ, ഭിലായ്, ദുർഗ് എന്നിവിടങ്ങളിൽ ഇടയ്ക്കിടെ വീടുകൾ മാറിത്താമസിച്ചിരുന്നു, ദിവസക്കൂലിക്കാരായും വേഷംമാറി. ജഗ്ഗുവിന്റെ 8 ലക്ഷം രൂപ പാരിതോഷികവും കമലയ്ക്ക് 5 ലക്ഷം രൂപ പാരിതോഷികവും ഉണ്ടായിരുന്നതായി പോലീസ് സ്ഥിരീകരിച്ചു.
സംസ്ഥാന അന്വേഷണ ഏജൻസിയാണ് (എസ്ഐഎ) ഇവരെ അറസ്റ്റ് ചെയ്തത്. ഇവർ നാട്ടുകാർക്കിടയിൽ തന്നെ ജീവിച്ചിരുന്നതായും, നിർമ്മാണ തൊഴിലാളികളായി വേഷംമാറി വീടുകൾ വാടകയ്ക്കെടുത്തതായും, അതേസമയം മാവോയിസ്റ്റ് പ്രവർത്തനങ്ങൾ തുടർന്നതായും പോലീസ് വെളിപ്പെടുത്തി.
ഇരുവരും വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിൽ നിന്ന് 10 ഗ്രാം സ്വർണ്ണ ബിസ്കറ്റ്, 1.14 ലക്ഷം രൂപ, രണ്ട് ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകൾ, മറ്റ് വസ്തുക്കൾ എന്നിവ പോലീസ് പിടിച്ചെടുത്തു. ഇവരുടെ കോൾ റെക്കോർഡുകൾ ഇപ്പോൾ ഫോറൻസിക് പരിശോധനയിലാണ് . മുതിർന്ന നക്സൽ കമാൻഡർമാർക്കായി ഇരുവരും മരുന്നുകളും സാധനങ്ങളും മറ്റും ശേഖരിച്ചിരുന്നു.
“അവർ ആരുമായും ഇടപഴകിയിരുന്നില്ല, പലചരക്ക് സാധനങ്ങൾ വാങ്ങാൻ പോലും ഇറങ്ങില്ല. ജോലിക്ക് നേരത്തെ പോയി വൈകി തിരിച്ചെത്തുന്നവരാണ്. അവരുടെ വീട്ടിൽ സന്ദർശകരെ ഞങ്ങൾ ഒരിക്കലും കണ്ടിട്ടില്ല,” എന്നാണ് അയൽക്കാർ ഇവരെകുറിച്ച് പോലീസിനോട് പറഞ്ഞത് .
ജഗ്ഗു കുർസാമിന്റെ മാവോയിസ്റ്റ് യാത്ര 11 വയസ്സുള്ളപ്പോൾ ആരംഭിച്ചു. ഏകദേശം രണ്ട് പതിറ്റാണ്ടോളം, ബിജാപൂരിലെ കാടുകളിൽ സുരക്ഷാ സേനയുമായി പോരാടിയ ജഗ്ഗു പിന്നീട് ഡിവിഷണൽ കമ്മിറ്റി അംഗമായി (DVC) . 2014 ൽ കൗമാരപ്രായത്തിൽ തന്നെ ഭാര്യ കമല നക്സൽ നിരയിൽ ചേർന്നു. ഒടുവിൽ ഏരിയ കമ്മിറ്റി അംഗമായി (ACM) മാറി. നക്സൽ പ്രവർത്തനത്തിനിടെ കണ്ടുമുട്ടിയ ഇരുവരും പ്രണയത്തിലായി, വിവാഹിതരാകുകയായിരുന്നു .

