കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണം രാജ്യത്തിന്റെ മനസിനേറ്റ മുറിവായിരുന്നു . രാജ്യം മുഴുവൻ സംഭവത്തെ അപലപിക്കുകയും കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്കൊപ്പം നിൽക്കുകയും ചെയ്തു. സർക്കാരുകൾ നഷ്ടപരിഹാര തുകകൾ പ്രഖ്യാപിച്ചു. സിനിമാ താരങ്ങളും സോഷ്യൽ മീഡിയയിലൂടെ അനുശോചനം രേഖപ്പെടുത്തി. എന്നാൽ തെലുങ്ക് ചലച്ചിത്ര നടൻ മഞ്ചു വിഷ്ണു പഹൽഗാം ആക്രമണത്തിൽ കൊല്ലപ്പെട്ട മധുസൂധൻ റാവുവിന്റെ കുടുംബത്തെ നേരിട്ട് കാണാനെത്തി. ഇതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.
ആന്ധ്രാപ്രദേശിലെ നെല്ലൂർ ജില്ലയിലെ കാവേലി കുമാരി സ്ട്രീറ്റിൽ താമസിക്കുകയാണ് സോമഷെട്ടി മധുസൂധൻ റാവുവിന്റെ കുടുംബം. അദ്ദേഹത്തിന്റെ ഭാര്യയെയും കുട്ടികളെയും സന്ദർശിച്ച മഞ്ചു വിഷ്ണു മധുസൂദനന്റെ രണ്ട് കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ മുഴുവൻ ചെലവും വഹിക്കുമെന്നും പ്രഖ്യാപിച്ചു. കുടുംബത്തിന് സാമ്പത്തിക സഹായവും അദ്ദേഹം നൽകി . മഞ്ചു വിഷ്ണുവിനെ അഭിനന്ദിച്ച് ഏറെ പേരാണ് രംഗത്തെത്തിയത്.

