നോയിഡ: ഗ്രേറ്റർ നോയിഡയിൽ മതവിദ്വേഷം പ്രചരിപ്പിച്ചതിനും കോടിക്കണക്കിന് രൂപയുടെ ഹവാല പണം വെളുപ്പിച്ചതിനും യുവാവ് അറസ്റ്റിൽ . ഉത്തർപ്രദേശ് ഭീകരവിരുദ്ധ സ്ക്വാഡാണ് (എടിഎസ്) ഫർഹാൻ നബി സിദ്ദിഖി എന്ന യുവാവിനെ അറസ്റ്റ് ചെയ്തത്.
മതഗ്രന്ഥങ്ങളുടെ മറവിൽ സമുദായങ്ങൾക്കിടയിൽ ശത്രുത വളർത്തുക, വിദേശത്ത് നിന്ന് നിയമവിരുദ്ധമായി ഫണ്ട് സ്വീകരിക്കുക, ഇന്ത്യയിൽ നിയമവിരുദ്ധമായി എത്തിയ ആളുകളെ പാർപ്പിക്കുക എന്നീ കുറ്റങ്ങളാണ് ഫർഹാൻ നബി സിദ്ദിഖിയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്.
സിദ്ദിഖിയും മറ്റ് ചിലരും ഇസ്താംബുൾ ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ്, ഹക്കികത് വഖ്ഫി ഫൗണ്ടേഷൻ, റിയൽ ഗ്ലോബൽ എക്സ്പ്രസ് ലോജിസ്റ്റിക്സ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ മൂന്ന് കമ്പനികൾ നടത്തിയിരുന്നതായി എടിഎസ് പ്രസ്താവനയിൽ പറഞ്ഞു.
ഈ കമ്പനികൾ വഴി, ഗ്രേറ്റർ നോയിഡയിലെ ഹക്കികത് പ്രിന്റിംഗ് പബ്ലിക്കേഷൻസ് ശത്രുതയും അക്രമവും ഉളവാക്കുന്ന ഉള്ളടക്കമുള്ള മതഗ്രന്ഥങ്ങൾ അച്ചടിച്ചു.ഈ മൂന്ന് കമ്പനികളും തുർക്കി, ജർമ്മനി എന്നിവിടങ്ങളിൽ നിന്നുള്ള ആളുകളെ സർക്കാർ അറിയിപ്പില്ലാതെ താമസിപ്പിച്ചിട്ടുണ്ടെന്നും ഇന്ത്യയിൽ നിയമവിരുദ്ധമായി താമസിക്കുന്ന ബംഗ്ലാദേശികൾക്ക് അഭയം നൽകിയിട്ടുണ്ടെന്നും എടിഎസ് പറഞ്ഞു.
സിദ്ദിഖിയിൽ നിന്ന് ഹിന്ദി, അറബിക്, ബംഗാളി ഭാഷകളിലുള്ള 12 പുസ്തകങ്ങൾ, രണ്ട് മൊബൈൽ ഫോണുകൾ, മൂന്ന് ലാപ്ടോപ്പുകൾ എന്നിവയും കണ്ടെടുത്തു.കൂടാതെ, സിദ്ദിഖി ഹവാല ശൃംഖലകൾ വഴി വിദേശത്ത് നിന്ന് ഏകദേശം 11 കോടി രൂപ വെളുപ്പിച്ചതായി എടിഎസ് പറഞ്ഞു. ഈ കള്ളപ്പണം ഉപയോഗിച്ച് മദ്രസകൾ, പള്ളികൾ, കമ്പനികൾ എന്നിവയുടെ പേരിൽ ഉത്തർപ്രദേശിലും പഞ്ചാബിലും ഭൂമി വാങ്ങി.

