ബെംഗളൂരു: മകളുടെ മുന്നിൽ വെച്ച് 32 കാരിയെ ഭർത്താവ് കുത്തിക്കൊന്നു. ബെംഗളൂരുവിലെ സുങ്കടകട്ടെ ബസ് സ്റ്റാൻഡിലാണ് സംഭവം. 35 കാരനായ ലോഹിതാശ്വ എന്ന ക്യാബ് ഡ്രൈവറാണ് ഭാര്യ രേഖയെ കൊലപ്പെടുത്തിയത് . ദമ്പതികൾ മൂന്ന് മാസം മുമ്പാണ് വിവാഹിതരായത്, ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു ഇത്. ആദ്യ വിവാഹത്തിലെ 12 വയസ്സുള്ള മകളുടെ മുന്നിൽ വെച്ചാണ് ലോഹിതാശ്വ ഭാര്യയെ കൊലപ്പെടുത്തിയത്.
തിങ്കളാഴ്ച രാവിലെയാണ് സംഭവം. രേഖ ഒരു കോൾ സെന്ററിൽ ജോലി ചെയ്യുകയായിരുന്നു. രേഖയുടെ ആദ്യ വിവാഹത്തിലെ മൂത്ത മകൾ അവരോടൊപ്പവും ഇളയ മകൾ രേഖയുടെ മാതാപിതാക്കളോടൊപ്പവുമാണ് താമസിച്ചിരുന്നത്.
പ്രണയത്തിലായിരുന്ന ഇരുവരും മൂന്ന് മാസം മുമ്പ് വിവാഹിതരായി. ദമ്പതികൾ സുങ്കടകട്ടെയ്ക്ക് സമീപമുള്ള ഒരു വാടക വീട്ടിലാണ് താമസിച്ചിരുന്നത് . ഇരുവരും പതിവായി വഴക്കിടാറുണ്ടായിരുന്നു. സംഭവ ദിവസവും ഇരുവരും തമ്മിൽ തർക്കമുണ്ടായി . രേഖയും മകളും വീട്ടിൽ നിന്നിറങ്ങി ബസ് സ്റ്റാൻഡിലേക്ക് പോയെങ്കിലും ലോഹിതാശ്വ പിന്തുടർന്ന് കൊലപ്പെടുത്തുകയായിരുന്നു. നെഞ്ചിലും വയറ്റിലും നിരവധി തവണ കുത്തേറ്റ രേഖ സംഭവസ്ഥലത്ത് തന്നെ മരിച്ചു.
സ്ഥലത്തുണ്ടായിരുന്നവർ ലോഹിതാശ്വയെ തടയാൻ ശ്രമിച്ചെങ്കിലും അയാൾ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ഓടി രക്ഷപ്പെട്ടു. കാമാക്ഷിപാളയ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിക്കായി തിരച്ചിൽ ശക്തമാക്കുകയും ചെയ്തു.

