ടെഹ്റാൻ ; യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ 48 മണിക്കൂർ അന്ത്യശാസനം അവസാന മണിക്കൂറുകളിലേക്ക് അടുക്കുമ്പോൾ മിഡിൽ ഈസ്റ്റ് പൂർണ്ണ യുദ്ധത്തിന്റെ വക്കിലാണ്. എന്നാൽ കീഴടങ്ങാൻ തയ്യാറല്ലെന്നാണ് ഇറാന്റെ നിലപാട്. ഹോർമുസ് കടലിടുക്ക് അന്താരാഷ്ട്ര കപ്പലുകൾക്കാൻ ഉടൻ തുറന്നില്ലെങ്കിൽ ഇറാനെ “പൂർണ്ണമായും നശിപ്പിക്കാൻ” അമേരിക്ക തയ്യാറാണെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ് . എന്നാൽ ശത്രുതയ്ക്ക് സ്ഥിരമായ വിരാമം ഉറപ്പാക്കുന്നതുവരെ ഇറാൻ “അന്തിമശാസനകൾക്കും ഭീഷണികൾക്കും വഴങ്ങില്ല” എന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് എസ്മായിൽ ബഗായ് പ്രസ്താവിച്ചു.
അതേസമയം യുദ്ധം ഒഴിവാക്കാൻ നയതന്ത്ര ശ്രമങ്ങൾ അതിവേഗം നീങ്ങുകയാണ്. യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെയും പാകിസ്ഥാൻ ആർമി ചീഫ് ഫീൽഡ് മാർഷൽ അസിം മുനീറിന്റെയും നേതൃത്വത്തിൽ, “ഇസ്ലാമാബാദ് കരാർ” എന്നറിയപ്പെടുന്ന സമാധാന കരാർ യുഎസിനും, ഇറാനും സമർപ്പിച്ചു.
ഇതിൽ മധ്യസ്ഥർ പാകിസ്ഥാൻ, തുർക്കി, ഈജിപ്ത് എന്നീ രാജ്യങ്ങളാണ്. വ്യോമാക്രമണങ്ങൾ താൽക്കാലികമായി നിർത്തുന്നതിന് പകരമായി ഇറാൻ ഹോർമുസ് കടലിടുക്ക് ഉടൻ വീണ്ടും തുറക്കും, തുടർന്ന് സ്ഥിരമായ ഒത്തുതീർപ്പിനും ഉപരോധ ഇളവുകൾക്കുമായി 15-20 ദിവസത്തെ തീവ്രമായ ചർച്ചകൾ നടത്തുമെന്നാണ് കരാറിൽ പറയുന്നത്.
എന്നാൽ ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതോ അതിന്റെ പരമാധികാരത്തിന് പ്രത്യേക സമയപരിധി നിശ്ചയിക്കുന്നതോ ഉൾപ്പെടുന്ന ഏതൊരു കരാറും ഇറാൻ നിരസിക്കുമെന്നാണ് ഇറാന്റെ പക്ഷം.

