ചെന്നൈ: വേർപിരിഞ്ഞ് താമസിക്കുന്ന ഭാര്യക്ക് കുടുംബകോടതി വിധിച്ച ജീവനാംശമായ എൺപതിനായിരം രൂപയും നാണയമായി നൽകി ഞെട്ടിച്ച് യുവാവ്. കോയമ്പത്തൂരിലെ കുടുംബകോടതിയിലാണ് സിനിമാ രംഗങ്ങളെ വെല്ലുന്ന സംഭവം അരങ്ങേറിയത്.
ഭാര്യക്ക് കോടതി വിധിച്ച രണ്ട് ലക്ഷം രൂപ ജീവനാംശത്തിലെ ഗഡുവായ എൺപതിനായിരം രൂപ നാണയമാക്കി നൽകി കോടതിയെ ഞെട്ടിച്ചത് 37 വയസ്സുകാരനായ ടാക്സി ഡ്രൈവറാണ്. രണ്ട് വെളുത്ത ചാക്കുകൾ നിറയെ ഒരു രൂപ, രണ്ട് രൂപ നാണയങ്ങുളമായാണ് ഇയാൾ കഴിഞ്ഞ ദിവസം കോടതിയിലെത്തിയത്.
അതേസമയം, പണം സ്വീകരിച്ച കോടതി, ഇത്രയും വലിയ തുക നാണയത്തിൽ കൈമാറ്റം ചെയ്യുന്നത് പ്രായോഗികമല്ലെന്ന് യുവാവിനോട് പറഞ്ഞു. തുടർന്ന് ഇത് നോട്ടാക്കി മാറ്റി നൽകാൻ ആവശ്യപ്പെടുകയും ചെയ്തു. ഇതിനായി ചാക്കുകളും ചുമന്ന് ഇയാൾ വാഹനത്തിൽ തിരികെ കയറുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്.
അടുത്ത ദിവസമാണ് നാണയങ്ങൾ നോട്ടാക്കി മാറ്റി യുവാവ് പിന്നീട് കോടതിയിൽ എത്തിയത്. ഈ തുക യുവതിക്ക് കൈമാറിയ കോടതി, ബാക്കി ഒരു ലക്ഷത്തി ഇരുപതിനായിരം രൂപ ഉടൻ തന്നെ നൽകണമെന്നും ഇയാളോട് ആവശ്യപ്പെട്ടു. ഇനി ഇത് ഇയാൾ ഏത് രൂപത്തിലാണ് കൊണ്ടുവരുന്നത് എന്ന ആകാംക്ഷയിലാണ് കോടതി ജീവനക്കാരും അഭിഭാഷകരും.