അഹമ്മദാബാദ് : അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം പറന്നുയരുന്നതിനിടെ എയർ ഇന്ത്യ പാസഞ്ചർ വിമാനം തകർന്നുവീണു .242 യാത്രക്കാരുമായി ലണ്ടനിലേയ്ക്ക് പോകുകയായിരുന്ന വിമാനമാണ് എഐ171 ബോയിങ് 787– 8 ഡ്രീംലൈനർ വിമാനമാണ് ടേക് ഓഫിനു തൊട്ടു പിന്നാലെ വിമാനത്താവളത്തിനു സമീപത്തെ ജനവാസ മേഖലയിൽ തകർന്നുവീണത്. 110 പേരുടെ മരണം സ്ഥിരീകരിച്ചു.
വിമാനത്താവളത്തിന്റെ പരിധിക്കടുത്തുള്ള മേഘാനി നഗർ പ്രദേശത്താണ് അപകടം നടന്നതെന്ന് റിപ്പോർട്ടുണ്ട്.വിമാനത്തിൽ 232 യാത്രക്കാരും 12 ക്രൂ അംഗങ്ങളും ഉണ്ടായിരുന്നു .യാത്രക്കാരനായിരുന്ന ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയുടെ നില ഗുരുതരമാണെന്നു സൂചനയുണ്ട്. പരുക്കേറ്റ യാത്രക്കാരെ ആശുപത്രിയിലേക്കു മാറ്റുകയാണ്. യാത്രക്കാരിൽ ആകെ 61 വിദേശ പൗരന്മാരുണ്ടായിരുന്നെന്നാണ് വിവരം, 53 യുകെ പൗരന്മാരും ഒരു കനേഡിയൻ പൗരനും 7 പോർച്ചുഗീസുകാരും യാത്രക്കാരിലുൾപ്പെടുന്നു.വിമാനാപകടത്തെക്കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഗുജറാത്ത് മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി, പോലീസ് കമ്മീഷണർ എന്നിവരുമായി സംസാരിച്ചു. കേന്ദ്ര സർക്കാർ സഹായം നൽകുമെന്നും അദ്ദേഹം ഉറപ്പ് നൽകി.സ്ഥിതിഗതികൾ വിലയിരുത്താൻ ഏഴ് ഫയർ എഞ്ചിനുകൾ പ്രദേശത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.
അപകടസ്ഥലത്ത് നിന്ന് കനത്ത പുക ഉയരുന്നത് ദൃശ്യങ്ങളിൽ കാണാം, ഇത് ചുറ്റുമുള്ള ജനവാസ മേഖലയിൽ പരിഭ്രാന്തി പരത്തി.എൻഡിഎ സർക്കാരിന്റെ ഒന്നാം വാർഷിക പരിപാടികളിൽ പങ്കെടുക്കാൻ വിജയവാഡയിലായിരുന്ന കേന്ദ്ര സിവിൽ വ്യോമയാന മന്ത്രി രാം മോഹൻ നായിഡു വിമാനാപകട വാർത്ത അറിഞ്ഞയുടനെ അഹമ്മദാബാദിലേക്ക് പുറപ്പെട്ടു.

