മധുര : തേനി സബ്ജയിലിൽ നിന്ന് ചാടിയ 17 തടവുകാരിൽ അഞ്ചാമനെയും പിടികൂടി പൊലീസ് . ഓട്ടോറിക്ഷയിൽ സഞ്ചരിക്കവേയാണ് ലിംഗേശ്വരൻ എന്നയാളെ പൊലീസ് പിടികൂടിയത്. ജയിലിന് അല്പം അകലെ വച്ച് ഓട്ടോറിക്ഷയിൽ കയറിയ ഇയാൾ ഡ്രൈവറോട് കനവിളക്ക് വരെ എത്തിക്കാനാണ് ആവശ്യപ്പെട്ടത്. വഴിയ്ക്ക് മറ്റൊരു സ്ത്രീയും ഓട്ടോയിൽ കയറിയിരുന്നു. ഇതിനിടെ ബൈക്കിൽ എത്തിയ പൊലീസ് ഹെഡ് കോൺസ്റ്റബിളാണ് സംശയം തോന്നി വാഹനം തടഞ്ഞു നിർത്തി ലിംഗേശ്വരനെ പിടികൂടിയത്.
യാതൊരു എതിർപ്പും കൂടാതെ തന്നെ കീഴടങ്ങുകയായിരുന്നു ലിംഗേശ്വരൻ. ‘ യാത്രയ്ക്കിടെ അയാൾ തുടർച്ചയായി ഫോണിൽ സംസാരിക്കുന്നുണ്ടായിരുന്നു. എടി എം വഴിയോ , മൊബൈൽ അക്കൗണ്ട് വഴിയോ പണം കൈമാറുന്നതിനെ പറ്റിയായിരുന്നു സംസാരം . ഇതിനിടെയാണ് പൊലീസ് വാഹനം തടഞ്ഞത് . ഇയാളെ തിരിച്ചറിഞ്ഞതിന് പിന്നാലെ ഓട്ടോ ജയിലിലേയ്ക്ക് വിടാൻ പറഞ്ഞു ‘ എന്നാണ് ഓട്ടോ ഡ്രൈവർ മാധ്യമങ്ങളോട് പറഞ്ഞത്.
തേനി ആണ്ടിപ്പട്ടിയ്ക്കടുത്തുള്ള സബ് ജയിലിൽ നിന്നാണ് ഇന്നലെ രാത്രി 17 തടവുകാർ ജയിൽ ഉദ്യോഗസ്ഥരെ കീഴ്പ്പെടുത്തിയാണ് ജയിൽ ചാടിയത് . സംഭവത്തെ തുടർന്ന് വിവിധ സംസ്ഥാനങ്ങളിലായി തെരച്ചിൽ നടക്കുകയാണ് . ഗുരുതരമായ അനാസ്ഥയെ തുടർന്ന് ഒമ്പത് ജയിൽ ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു.

