ന്യൂഡൽഹി : നടൻ ഇമ്രാൻ ഖാനെതിരെ നവംബർ 2 വരെ നിയമനടപടികൾ സ്വീകരിക്കില്ലെന്ന് കോടതിയിൽ സർക്കാരിന്റെ ഉറപ്പ്. അമേരിക്കൻ പൗരനായ ഇമ്രാൻ നിയമം ലംഘിച്ച് ഡൽഹി പ്രതിഷേധത്തിൽ പങ്കെടുത്തതിന് പിന്നാലെയാണ് ഉടൻ രാജ്യം വിടണമെന്ന് കാട്ടി നോട്ടീസ് നൽകിയത്.
ഇതിനെതിരെ താരം മുംബൈ ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസ് അടുത്ത തവണ പരിഗണിക്കുന്ന നവംബർ 2 വരെ ഇമ്രാനെതിരെ നിയമനടപടികൾ സ്വീകരിക്കില്ലെന്ന ഉറപ്പാണ് അഡീഷണൽ സോളിസിറ്റർ ജനറൽ അനിൽസിംഗ് കോടതിയിൽ നൽകിയത്. ചീഫ് ജസ്റ്റിസ് മഹേഷ് ചന്ദ്ര ത്രിപാഠിയും , ജസ്റ്റിസ് അദ്വൈത് സേത്സനയും അടങ്ങുന്ന ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ഈ മാസം 10 ന് ഡൽഹിയിൽ പാറ്റാ പാർട്ടി നൽകിയ പ്രതിഷേധ പരിപാടിയിലാണ് ഇമ്രാനും, പങ്കാളി ലേഖയും പങ്കെടുത്തത് . പിന്നാലെ ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തു. അമേരിക്കൽ പൗരനായ ഇമ്രാൻ ഇന്ത്യയിൽ പ്രതിഷേധത്തിൽ പങ്കെടുത്തത് ചട്ടലംഘനമാണെന്ന് കാട്ടി ബിജെപി നേതാവ് കിരിത് സോമയ്യ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് ഒക്ടോബർ 28 നകം ഇന്ത്യ വിടണമെന്ന് കാട്ടിയാണ് ഫോറിനേഴ്സ് റീജിയണൽ രജിസ്ട്രേഷൻ ഓഫീസ് ഇമ്രാന് നോട്ടീസ് നൽകിയത് . ഇമിഗ്രേഷൻ ആന്റ് ഫോറിനേഴ്സ് ആക്ട് പ്രകാരമായിരുന്നു നടപടി.ഇന്ത്യയിലെ വിദേശികളുടെ താമസം മുതൽ സഞ്ചാരം വരെ നിയന്ത്രിക്കാനും, പരിമിതപ്പെടുത്താനും കേന്ദ്രസർക്കാരിന് അധികാരം നൽകുന്നതാണ് ഈ നിയമം.
എന്നാൽ നോട്ടീസിനെതിരെ ഇമ്രാൻ ഹൈക്കോടതിയെ സമീപിക്കുകയും താൻ പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തിട്ടില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. പാറ്റാ പാർട്ടിയുമായി തനിക്ക് ബന്ധമില്ലെന്നും ഇമ്രാൻ കോടതിയെ അറിയിച്ചിരുന്നു.കോടതിയെ സമീപിച്ചതിന് പിന്നാലെ ഇമ്രാന്റെ ഒ സി ഐ കാർഡ് റദ്ദാക്കാതിരിക്കാനുളള കാരണം കാണിക്കൽ നോട്ടീസും ഫോറിനേഴ്സ് റീജിയണൽ രജിസ്ട്രേഷൻ ഓഫീസ് നൽകിയിരുന്നു.

