ന്യൂദൽഹി : പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയ്ക്കെതിരെ രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി കിരൺ റിജിജു . നുണ പറയുന്നതിന് ഒരു പരിധിയുണ്ടെന്ന് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ കിരൺ റിജിജു കുറിച്ചു . ഇനി ഇന്ത്യയിലെ ജനങ്ങൾ തന്നെ രാഹുൽ ഗാന്ധിയോട് നുണ പറഞ്ഞത് മതിയെന്ന് പറയുമെന്നും കിരൺ റിജിജു പറയുന്നു.
‘ എന്തിനാണ് ഇങ്ങനെ എപ്പോഴും കള്ളം മാത്രം പറയുന്നത് . ഇന്ത്യൻ പാർലമെന്റിന്റെ അന്തസ്സ് കാത്തുസൂക്ഷിക്കാൻ രാഹുൽ ഗാന്ധിയോട് ഞാൻ അഭ്യർത്ഥിക്കുന്നു. പാർലമെന്ററി മര്യാദകൾ പാലിക്കുന്ന നിരവധി പ്രതിപക്ഷ നേതാക്കളെ ഞാൻ കണ്ടിട്ടുണ്ട്. നിങ്ങൾ നിങ്ങളുടെ ഔന്നത്യം താഴ്ത്തുക മാത്രമല്ല, ഇന്ത്യയുടെ ഉയർന്ന പ്രശസ്തിക്ക് കോട്ടം വരുത്തുകയും ചെയ്തു.‘ എന്നും കിരൺ റിജിജു എക്സിൽ കുറിച്ചു.
പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിൽ ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ചുള്ള ചർച്ചയ്ക്കിടെ, രാഹുൽ ഗാന്ധി മോദി സർക്കാരിനെ വിമർശിക്കാനായി സർക്കാർ യുദ്ധവിമാന പൈലറ്റുമാരുടെ കൈകൾ ബന്ധിച്ചിരിക്കുകയാണെന്ന് ആരോപിച്ചിരുന്നു. 1971 ൽ മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി സൈന്യത്തിന് സ്വാതന്ത്ര്യം നൽകിയിരുന്നുവെന്നും രാഹുൽ പറഞ്ഞിരുന്നു.
എന്നാൽ കഴിഞ്ഞ ദിവസം ഓപ്പറേഷൻ സിന്ദൂർ ഇത്രയും വിജയിക്കാൻ കാരണം സർക്കാർ തങ്ങൾക്ക് സ്വാതന്ത്ര്യം നൽകിയതിനാലാണെന്ന് ഐഎഎഫ് ചീഫ് എയർ ചീഫ് മാർഷൽ എപി സിംഗ് പറഞ്ഞിരുന്നു. ഇന്ത്യൻ ആർമി ചീഫ് ജനറൽ ഉപേന്ദ്ര ദ്വിവേദിയും ഇത് ശരി വച്ചിരുന്നു.ഓപ്പറേഷൻ സിന്ദൂരിനിടെ കുറഞ്ഞത് അഞ്ച് പാകിസ്ഥാൻ യുദ്ധവിമാനങ്ങളെങ്കിലും വെടിവച്ചിട്ടതായും എപി സിംഗ് പറഞ്ഞിരുന്നു. അതിനു പിന്നാലെയാണ് രാഹുൽ നുണ പ്രചരിപ്പിക്കുന്നുവെന്ന് കിരൺ റിജിജു ആരോപിച്ചത് .

