ന്യൂഡൽഹി : വഖഫ് ഭേദഗതി ബിൽ ലോക്സഭയിൽ അവതരിപ്പിച്ച് പാർലമെൻ്ററി കാര്യ മന്ത്രി കിരൺ റിജിജു . 1995 ലെ വഖഫ് നിയമം ഭേദഗതി ചെയ്യാൻ ലക്ഷ്യമിടുന്ന ബിൽ ദേശീയ താൽപ്പര്യം മുൻ നിർത്തിയുള്ളതാണെന്നും, രാജ്യത്തിന് മുഴുവൻ, പ്രത്യേകിച്ച് മുസ്ലീങ്ങൾക്കും സ്ത്രീകൾക്കും കുട്ടികൾക്കും പ്രയോജനം ചെയ്യുമെന്നും റിജിജു പറഞ്ഞു.
‘ ഇന്ന് ഒരു ചരിത്ര ദിനമാണ്, വഖഫ് ഭേദഗതി ബിൽ 2025 ലോക്സഭയിൽ അവതരിപ്പിക്കും, ദേശീയ താൽപ്പര്യം മുൻനിർത്തി അവതരിപ്പിച്ച ഈ ബില്ലിനെ ദശലക്ഷക്കണക്കിന് മുസ്ലീങ്ങൾ മാത്രമല്ല, രാജ്യം മുഴുവൻ പിന്തുണയ്ക്കുമെന്ന് ഞാൻ വ്യക്തമായി പറയാൻ ആഗ്രഹിക്കുന്നു. ബില്ലിനെ എതിർക്കുന്നത് രാഷ്ട്രീയ കാരണങ്ങളാൽ ആണ്, എൻ്റെ ബാക്കി വാദങ്ങൾ ഞാൻ സഭയിൽ അവതരിപ്പിക്കും. ‘ – വഖഫ് ബിൽ മുസ്ലീം സമുദായത്തെ പ്രതികൂലമായി ബാധിക്കുമെന്ന പ്രതിപക്ഷ പാർട്ടികളുടെ ആശങ്കകളോട് പ്രതികരിക്കവെയാണ് റിജിജുവിൻ്റെ പരാമർശം.