ന്യൂഡൽഹി : കൊമേഡിയനും, ടിവി അവതാരകനുമായ കപിൽ ശർമ്മയുടെ ഉടമസ്ഥതയിൽ കാനഡയിലുള്ള കഫേയിൽ ഖാലിസ്ഥാൻ ആക്രമണം . കാറിൽ എത്തിയ ഖാലിസ്ഥാനി തീവ്രവാദികൾ കഫേ ആക്രമിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. ബുധനാഴ്ച രാത്രി ആണ് സംഭവം.
കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിൽ കപിൽ ശർമ്മയും ഭാര്യ ഗിന്നിയും ചേർന്ന് ‘ക്യാപ്സ് കഫേ’ എന്ന പേരിൽ സ്ഥാപനം നടത്തുന്നുണ്ട്. കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് ഈ കഫേ തുറന്നത്. അതിനു പിന്നാലെയാണ് ഖാലിസ്ഥാൻ തീവ്രവാദികൾ കഫേ ആക്രമിച്ചത് . ഖാലിസ്ഥാനി തീവ്രവാദികൾ കാറിൽ ഇരുന്ന് കഫേയിലേക്ക് തുടർച്ചയായി വെടിയുതിർക്കുന്ന വീഡിയോ പുറത്ത് വന്നിട്ടുണ്ട്.
കഫേയിൽ നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്തം ഖാലിസ്ഥാനി ഭീകരൻ ഹരിജിത് സിംഗ് ലാഡി ഏറ്റെടുത്തുവെന്നാണ് റിപ്പോർട്ട് . കാനഡയിൽ ഖാലിസ്ഥാനി ഭീകരർ പലപ്പോഴും ഇത്തരം ആക്രമണങ്ങൾ നടത്താറുണ്ട്. ഈ ഖാലിസ്ഥാനി ഭീകരർ കനേഡിയൻ പോലീസിന് തലവേദനയാണ്. ഖാലിസ്ഥാനി ഭീകരർ അവിടെ നിന്ന് ഇന്ത്യയിലും ഭീകര പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. ഇവിടെ നിരവധി പേരുടെ മരണത്തിനും അവർ കാരണക്കാരായിട്ടുണ്ട്.
ഇന്ത്യൻ ചാര ഏജൻസിയുടെ മോസ്റ്റ് വാണ്ടഡ് ഭീകരരുടെ പട്ടികയിൽ ഉൾപ്പെട്ട ഹരിജിത് സിംഗ് ലഡ്ഡി നിരോധിത സംഘടനയായ ബബ്ബർ ഖലാസത് ഇന്റർനാഷണലിൽ ഉൾപ്പെട്ടയാളാണ്, വിഎച്ച്പി നേതാവ് വികാസ് പ്രഭാകറിന്റെ കൊലപാതകത്തിന് പിന്നിലും ഇയാൾ ആണെന്ന് പറയപ്പെടുന്നു. ഇന്ത്യക്കാരെ ആക്രമിക്കാൻ ഖാലിസ്ഥാനി ഭീകരർ കാനഡയെ തങ്ങളുടെ താവളമായി ഉപയോഗിക്കുന്നു. വർഷങ്ങളായി ഇന്ത്യൻ സർക്കാർ ഇതിൽ അതൃപ്തി പ്രകടിപ്പിച്ചുവരികയാണ്.കപിൽ ശർമ്മ നടത്തിയ ചില പ്രസ്താവനകളിൽ പ്രതിഷേധിച്ചാണ് ആക്രമണം നടത്തിയതെന്നാണ് സൂചന.

