ന്യൂഡൽഹി : പ്രയാഗ്രാജിലെ മഹാകുംഭമേളയിൽ നടന്ന തീപിടുത്തത്തിൻ്റെ ഉത്തരവാദിത്തം തീവ്രവാദ സംഘടനയായ ഖലിസ്ഥാനി സിന്ദാബാദ് ഫോഴ്സ് (KZF) ഏറ്റെടുത്തു. പിലിബിത്തിലുണ്ടായ ഏറ്റുമുട്ടലിൻ്റെ പ്രതികാരമാണ് ഈ സംഭവമെന്ന് കെഇസഡ്എഫ് ഇമെയിലിലൂടെ അറിയിച്ചു. ഇതോടൊപ്പം മുഖ്യമന്ത്രി യോഗിയെക്കുറിച്ചും സന്ദേശത്തിൽ പരാമർശിച്ചിട്ടുണ്ട്.
കാനഡയിൽ നിന്നും പഞ്ചാബിൽ നിന്നുമുള്ള മാധ്യമപ്രവർത്തകർക്ക് ഖാലിസ്ഥാനി സിന്ദാബാദ് ഫോഴ്സ് ഇ-മെയിൽ അയച്ചതായാണ് റിപ്പോർട്ട് . ‘ കുംഭമേളയ്ക്കിടെയുണ്ടായ തീപിടുത്തത്തിന്റെ ഉത്തരവാദിത്തം ഖാലിസ്ഥാനി സിന്ദാബാദ് ഫോഴ്സ് ഏറ്റെടുക്കുന്നു. ആരെയും വേദനിപ്പിക്കുക എന്നതായിരുന്നില്ല ഈ പ്രവൃത്തിയുടെ പ്രധാന ഉദ്ദേശം. ഞങ്ങൾ നിങ്ങളോട് വളരെ അടുത്തുവെന്ന് മുഖ്യമന്ത്രി യോഗിക്കുള്ള മുന്നറിയിപ്പ് മാത്രമായിരുന്നു ഇത്. പിലിബിത്ത് ഏറ്റുമുട്ടലിൽ ഞങ്ങളുടെ മൂന്ന് സഹോദരങ്ങളെ കൊലപ്പെടുത്തിയതിന് പ്രതികാരമായാണ് ഈ സ്ഫോടനം നടത്തിയത്. ഇതൊരു തുടക്കം മാത്രമാണ്. ” ഫത്തേ സിംഗ് എന്ന യുവാവാണ് ഈ മെയിൽ അയച്ചിരിക്കുന്നത്.
ജനുവരി 19 ന് വൈകുന്നേരം 4 മണിയോടെയാണ് സെക്ടർ 19 ൽ തീപിടിത്തമുണ്ടായത്. അപകടത്തിൽ ഒരു കോടിയിലധികം രൂപയുടെ നാശനഷ്ടമുണ്ടായി. 40 കുടിലുകളും ആറ് ടെൻ്റുകളും പൂർണ്ണമായും കത്തിനശിച്ചു. ഇവിടെ സൂക്ഷിച്ചിരുന്ന സിലിണ്ടറുകളും പൊട്ടിത്തെറിച്ചു. സംഭവത്തിൽ അന്വേഷണം നടത്തിവരികയാണെന്ന് ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക് മാധ്യമങ്ങളോട് പറഞ്ഞു.