കൽപ്പറ്റ: കല്ലടി ദുരന്തത്തിൽ മരിച്ച ഹിമാചൽ പ്രദേശ് സ്വദേശിയുടെ മൃതദേഹം കണ്ടെത്തി. വിക്രം റാണയുടെ മൃതദേഹമാണ് കണ്ടെടുത്തത് . ഇതോടെ മരണസംഖ്യ എട്ടായി. ഇന്ന് രാവിലെ നടത്തിയ തിരച്ചിലിലാണ് വിക്രമിന്റെ മൃതദേഹം കണ്ടെത്തിയത് . പാലത്തിൽ നിന്ന് 150 മീറ്റർ അകലെയായിരുന്നു മൃതദേഹം. വിക്രമിന്റെ സഹോദരന്മാരായ കുൽവന്ത്, പ്രമോദ്, ബന്ധു അങ്കുഷ് എന്നിവർ വയനാട്ടിലെത്തിയിട്ടുണ്ട്.
അതേസമയം, അപകടത്തെത്തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരുടെ അവസ്ഥയിൽ പുരോഗതിയുണ്ടെന്ന് അധികൃതർ അറിയിച്ചു. 49 കുടുംബങ്ങളിൽ നിന്നുള്ള 132 പേർ ക്യാമ്പുകളിൽ തുടരുകയാണ് . ദുരന്തത്തെക്കുറിച്ച് ജിയോളജിസ്റ്റ് ഡോ. സി.പി. രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ വിദഗ്ധ സമിതി അന്വേഷിക്കും. ഇതുസംബന്ധിച്ച് ദുരന്തനിവാരണ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു.
റവന്യൂ, ദുരന്തനിവാരണ വകുപ്പ് സെക്രട്ടറി കൺവീനറായി പ്രവർത്തിക്കും.പരിസ്ഥിതി ശാസ്ത്രജ്ഞൻ ഡോ. വിഷ്ണുദാസ്, കേരള ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഡോ. പി. പുകഴേന്തി, പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി എന്നിവരാണ് മറ്റ് അംഗങ്ങൾ.
തുരങ്ക നിർമ്മാണ മേഖലയിലെ സുരക്ഷാ വീഴ്ചകൾ, സാങ്കേതിക പിശകുകൾ, പരിസ്ഥിതി അനുമതി ലംഘനം എന്നിവയെക്കുറിച്ച് വിശദമായ അന്വേഷണം നടത്തും. ഒരു മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണം. ജൂലൈ 7 ന് മേപ്പാടി കല്ലടി മേഖലയിലെ മീനാക്ഷി പാലത്തിന് സമീപമാണ് മണ്ണിടിച്ചിൽ ഉണ്ടായത്.

