ബെംഗളൂരു ; തെന്നിന്ത്യൻ വാനമ്പാടി എസ് ജാനകിയ്ക്ക് ഇന്ന് മൈസൂരിന്റെ മണ്ണിൽ അന്ത്യവിശ്രമം ഒരുങ്ങും . മൈസൂരു നഗരത്തിലെ മഹാരാജാസ് കോളേജ് ഗ്രൗണ്ടിലാണ് പൊതുദർശനം നടക്കുന്നത് . ഇന്ന് വൈകുന്നേരം ഔദ്യോഗിക സംസ്ഥാന ബഹുമതിയോടെ അന്ത്യകർമങ്ങൾ നടക്കും.
ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായതിനെത്തുടർന്ന് ശനിയാഴ്ച പുലർച്ചെയാണ് ജാനകിയെ മൈസൂരുവിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നില വഷളായതോടെ ഐസിയുവിലേയ്ക്ക് മാറ്റി . രാത്രിയോടെയായിരുന്നു അന്ത്യം . കഴിഞ്ഞ കുറച്ച് വർഷങ്ങളായി മൈസൂരുവിലെ ബൊഗാഡിയിലാണ് ജാനകി താമസിക്കുന്നത്.
എസ്. ജാനകിയുടെ മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി. ഈ വിയോഗം സംഗീത, സാംസ്കാരിക ലോകത്തിന് വലിയ നഷ്ടമാണെന്ന് അദ്ദേഹം പറഞ്ഞു.”എസ്. ജാനകിയമ്മയുടെ മരണം സംഗീത ലോകത്തിന് മാത്രമല്ല, ഇന്ത്യൻ സംസ്കാരത്തിനും വലിയ നഷ്ടമാണ്. നിരവധി ഭാഷകളിൽ അവർ ആലപിച്ച ഗാനങ്ങൾ തലമുറകളായി ശ്രോതാക്കളെ രസിപ്പിച്ചു. തന്റെ സമാനതകളില്ലാത്ത ശബ്ദത്തിലൂടെ എല്ലാ വികാരങ്ങളെയും ജീവസുറ്റതാക്കിയ മികച്ച ഗായികയായിരുന്നു അവർ. ജാനകമ്മ ആലപിച്ച മധുരഗാനങ്ങൾ സംഗീതപ്രേമികളെ എന്നെന്നും രസിപ്പിക്കും,” മോദി പറഞ്ഞു. ‘ഓം ശാന്തി’ ചൊല്ലിയാണ് അദ്ദേഹം ആദരാഞ്ജലി അർപ്പിച്ചത്.
അസാധാരണമാംവിധം കഠിനാധ്വാനിയായ കലാകാരിയെന്നാണ് സംഗീതസംവിധായകൻ ഇളയരാജ ജാനകിയെ വിശേഷിപ്പിച്ചത്. “എന്റെ രചനകളിലെ എല്ലാ ഉപകരണങ്ങളും പരമാവധി പ്രയോജനപ്പെടുത്താൻ ഞാൻ നിരന്തരം പരിശ്രമിച്ചതുപോലെ, ഒരു ഗാനം പഠിപ്പിക്കുമ്പോഴെല്ലാം ജാനകിയമ്മ എപ്പോഴും പ്രതീക്ഷിച്ചതിലും കൂടുതൽ പരിശ്രമിച്ചു,” അദ്ദേഹം പറഞ്ഞു.

