ചെന്നൈ : തമിഴക വെട്രി കഴകം (ടിവികെ) പ്രാദേശിക നേതാവ് ആത്മഹത്യ ചെയ്തു. വില്ലുപ്പുറത്തെ ടിവികെ ബ്രാഞ്ച് സെക്രട്ടറി വി അയ്യപ്പൻ (50) ആണ് മരിച്ചത്. അയ്യപ്പൻ മുമ്പ് വിജയ് ഫാൻസ് അസോസിയേഷന്റെ ഭാരവാഹിയായിരുന്നു. കരൂരിൽ നടന്ന ദാരുണമായ വാർത്ത കണ്ട് അദ്ദേഹം അസ്വസ്ഥനായിരുന്നുവെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു.
പോലീസ് അദ്ദേഹത്തിന്റെ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട് . മുൻ മന്ത്രിയും ഡിഎംകെ നേതാവുമായ സെന്തിൽ ബാലാജിക്കെതിരെ കുറിപ്പിൽ ആരോപണങ്ങളുണ്ട്. ബാലാജിയുടെ സമ്മർദ്ദം മൂലം കരൂരിലെ റാലിക്ക് സുരക്ഷ ഒരുക്കിയിട്ടില്ലെന്ന് കുറിപ്പിൽ പറയുന്നു. അയ്യപ്പന്റെ ഫോണും പൊലീസ് കണ്ടെടുത്തു.
കരൂരിൽ 41 പേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തിൽ ടിവികെ സംസ്ഥാന ജനറൽ സെക്രട്ടറി ബുസി ആനന്ദ്, ജോയിന്റ് സെക്രട്ടറി സി ടി നിർമ്മൽ കുമാർ, കരൂർ ജില്ലാ സെക്രട്ടറി മതിയഴകൻ എന്നിവർക്കെതിരെ കേസെടുത്തു. മനഃപൂർവമല്ലാത്ത നരഹത്യ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. മതിയഴകനെ ഇന്നലെ രാത്രി അറസ്റ്റ് ചെയ്തു. ടി.വി.കെ മേധാവി വിജയ്ക്കെതിരെ കേസെടുത്തിട്ടില്ല.
വിജയ്യെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുന്ന പോസ്റ്ററുകൾ കരൂരിൽ പ്രചരിക്കുന്നുണ്ട്. ‘ഒരു വലിയ ദുരന്തത്തിന് കാരണക്കാരനായി ഓടിപ്പോയ ഒരു രാഷ്ട്രീയ നേതാവാണ് വിജയ്, കൊലപാതകി വിജയ്യെ ഉടൻ അറസ്റ്റ് ചെയ്യണം’ എന്ന പോസ്റ്ററുകൾ തമിഴ്നാട് സ്റ്റുഡന്റ്സ് യൂണിയന്റെ പേരിൽ പ്രത്യക്ഷപ്പെട്ടു. കരൂർ ദുരന്തത്തെക്കുറിച്ച് സോഷ്യൽ മീഡിയ വഴി പ്രചരണം നടത്തിയതിന് രണ്ട് ടി.വി.കെ പ്രവർത്തകരെയും ഒരു ബിജെപി പ്രവർത്തകനെയും പൊലീസ് അറസ്റ്റ് ചെയ്തു.

