ന്യൂഡൽഹി ; ധർമ്മേന്ദ്ര പ്രധാൻ രാജി വച്ചതിനു പിന്നാലെ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ചുമതല കൂടി കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിക്ക് . ജന്ദർമന്ദറിൽ നടന്ന പ്രതിഷേധത്തിന് പിന്നാലെയാണ് ധർമ്മേന്ദ്ര പ്രധാൻ രാജിവച്ചത് .
“പ്രധാനമന്ത്രിയുടെ നിർദ്ദേശപ്രകാരം, ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 75 ലെ ക്ലോസ് (2) പ്രകാരം, കേന്ദ്ര മന്ത്രി സഭയിൽ നിന്നുള്ള ധർമ്മേന്ദ്ര പ്രധാന്റെ രാജി ഉടനടി പ്രാബല്യത്തിൽ വരുന്ന തരത്തിൽ രാഷ്ട്രപതി അംഗീകരിച്ചു. പ്രധാനമന്ത്രിയുടെ ഉപദേശപ്രകാരം, കാബിനറ്റ് മന്ത്രിയായ പ്രഹ്ലാദ് ജോഷിക്ക് നിലവിലുള്ള വകുപ്പിന് പുറമേ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ചുമതലയും നൽകാൻ രാഷ്ട്രപതി നിർദ്ദേശിച്ചു” എന്നാണ് രാഷ്ട്രപതി ഭവൻ പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറയുന്നത്.
വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ചുമതല നൽകുന്നതിനെക്കുറിച്ചുള്ള പ്രഖ്യാപനം വരുമ്പോൾ ജോഷി കർണാടകയിലെ തന്റെ മണ്ഡലത്തിലായിരുന്നു . വിവരമറിഞ്ഞതോടെ ഹുബ്ലി വിമാനത്താവളത്തിൽ നിന്ന് വൈകുന്നേരം 7:30 ന് അദ്ദേഹം തലസ്ഥാനത്തേക്ക് മടങ്ങി.
ധാർവാഡിൽ നിന്നാണ് ജോഷി തന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. അവിടെ 1995 മുതൽ 1998 വരെ ബിജെപിയുടെ ജില്ലാ പ്രസിഡന്റായി സേവനമനുഷ്ഠിച്ചു. 1998 മുതൽ 2003 വരെ, അതേ ജില്ലയിൽ ബിജെപിയുടെ ജനറൽ സെക്രട്ടറിയായി . കർണാടക ബിജെപിയുടെ സംസ്ഥാന പ്രസിഡന്റ് ഉൾപ്പെടെ വിവിധ പദവികളിലും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2004 ൽ ആദ്യമായി ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 16-ാം ലോക്സഭയിൽ പെട്രോളിയം, പ്രകൃതിവാതകം എന്നിവയെക്കുറിച്ചുള്ള സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ തലവനായിരുന്നു.
ഭക്ഷ്യമന്ത്രി എന്ന നിലയിൽ, 2013 ലെ ദേശീയ ഭക്ഷ്യസുരക്ഷാ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം ഏറ്റവും വലിയ ക്ഷേമ പദ്ധതിയായ പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന നടപ്പിലാക്കിയതിൽ അദ്ദേഹം പങ്കാളിയാണ്. മോദി സർക്കാരിന്റെ ഏറ്റവും പ്രധാന പദ്ധതികളിലൊന്നായ പ്രധാനമന്ത്രി സൂര്യ ഘർ യോജന നടപ്പിലാക്കുന്നതിന്റെ ചുമതലയും അദ്ദേഹത്തിനാണ്.

