ന്യൂഡൽഹി : സുപ്രീം കോടതി വാദം കേൾക്കുന്നതിനിടെ താൻ നടത്തിയ കോക്രോച്ച് പരാമർശങ്ങൾ വ്യാജ ബിരുദങ്ങൾ ഉപയോഗിച്ച് നിയമരംഗത്തേക്ക് പ്രവേശിച്ചവരെക്കുറിച്ചാണെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് . രാജ്യത്തെ യുവാക്കളെ താൻ അപമാനിച്ചിട്ടില്ലെന്നും അവരോട് തനിക്ക് ബഹുമാനമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘വ്യാജ ബിരുദങ്ങൾ ഉപയോഗിച്ച് നിയമരംഗത്തേക്ക് പ്രവേശിച്ചവരെക്കുറിച്ചാണ് ഞാൻ സംസാരിച്ചത്. വ്യാജ ബിരുദങ്ങളെക്കുറിച്ചും ഈ മേഖല എങ്ങനെ ശുദ്ധീകരിക്കാമെന്നതിനെക്കുറിച്ചുമായിരുന്നു ചർച്ച. ആ സാഹചര്യത്തിലാണ് ഇത്തരമൊരു പരാമർശം നടത്തിയത്. ഞാൻ യാത്ര ചെയ്യുമ്പോൾ, പലരും എന്നെ കാണാൻ വരുന്നു. രാജ്യത്തെ യുവാക്കളിൽ നിന്നാണ് ഞാൻ ഊർജ്ജം ഉൾക്കൊള്ളുന്നത്,’ അദ്ദേഹം പറഞ്ഞു.
രാജ്യത്തെ ഭരണഘടനാ തത്വങ്ങളോ നിയമങ്ങളോ അനുവദിക്കുന്ന ഏതൊരു പരാതിയും പരിഹരിക്കാൻ സുപ്രീം കോടതിയുടെ വാതിലുകൾ രാജ്യത്തെ ഓരോ പൗരനും എപ്പോഴും തുറന്നിട്ടിരിക്കുമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. രാജ്യത്തെ യുവാക്കൾക്ക് നീതിന്യായ വ്യവസ്ഥയിലൂടെ പരിഹരിക്കേണ്ട എന്തെങ്കിലും പരാതികൾ ഉണ്ടെങ്കിൽ സുപ്രീം കോടതിയെ സമീപിക്കാമെന്നും അദ്ദേഹം പറഞ്ഞു.
മെയ് 15 ന് നടന്ന വാദത്തിനിടെ, തൊഴിൽരഹിതരായ നിയമ ബിരുദധാരികളെ ചീഫ് ജസ്റ്റിസ് പാറ്റകളോട് ഉപമിച്ചെന്ന രീതിയിൽ വാർത്തകൾ വന്നത് വലിയ വിവാദത്തിന് വഴിയൊരുക്കി . ഇത് പ്രത്യേക പാർട്ടി രൂപീകരിക്കുന്നതും ഇടയാക്കി . ചീഫ് ജസ്റ്റിസിന്റെ പരാമർശം നിയമരംഗത്തുള്ളവരെ മാത്രമല്ല, രാജ്യത്തെ മുഴുവൻ യുവാക്കളെയും ലക്ഷ്യം വച്ചുള്ളതാണെന്ന് പോലും വ്യാഖ്യാനം ഉണ്ടായിരുന്നു.
തന്റെ വാക്കുകൾ മാധ്യമങ്ങൾ വളച്ചൊടിച്ചതാണെന്ന് ചീഫ് ജസ്റ്റിസ് അടുത്ത ദിവസം തന്നെ വ്യക്തമാക്കിയിരുന്നു. വ്യാജ ബിരുദങ്ങൾ ഉപയോഗിച്ച് ബാർ കൗൺസിൽ പോലുള്ള മേഖലകളിൽ പ്രവേശിച്ചവരെ മാത്രമേ താൻ വിമർശിച്ചിട്ടുള്ളൂവെന്നും അത്തരം ആളുകൾ മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും മറ്റ് മേഖലകളിലും നുഴഞ്ഞുകയറിയിട്ടുണ്ടെന്നും അദ്ദേഹം നേരത്തെ മറ്റൊരു പ്രസ്താവനയിലും പറഞ്ഞിരുന്നു.

