ന്യൂഡൽഹി : ജന്ദർമന്ദറിൽ ആൾക്കൂട്ട ആക്രമണങ്ങൾ നടത്തുന്നവർക്ക് വിദേശസഹായം ലഭിക്കുന്നുണ്ടെന്ന രീതിയിൽ വാർത്തകൾ വന്നിരുന്നു. വിദേശ ധനസഹായം, പാകിസ്ഥാൻ, ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള സോഷ്യൽ മീഡിയ നെറ്റ്വർക്കുകളുടെ പങ്കാളിത്തം, ഡൽഹി പ്രതിഷേധങ്ങൾക്ക് പിന്നിലെ “ടൂൾകിറ്റ്” ഗൂഢാലോചന എന്നീ ആരോപണങ്ങളും പ്രചരിക്കുന്നുണ്ട്. പ്രതിഷേധങ്ങളിലെ വിദേശ ധനസഹായത്തെക്കുറിച്ചുള്ള ഈ അവകാശവാദങ്ങൾക്ക് വിദേശകാര്യ മന്ത്രാലയം നൽകിയ മറുപടി ഇപ്പോൾ പുറത്ത് വന്നിട്ടുണ്ട്.
പ്രതിഷേധങ്ങളിൽ വിദേശ ധനസഹായം സംബന്ധിച്ച ആരോപണങ്ങളെ കുറിച്ച് തങ്ങൾക്ക് കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വിദേശ ധനസഹായത്തെക്കുറിച്ചോ പ്രതിഷേധങ്ങളിൽ പാകിസ്ഥാന്റെ പങ്കിനെക്കുറിച്ചോ മന്ത്രാലയത്തിന് വ്യക്തമായ വിവരങ്ങളൊന്നുമില്ലെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞത്.
അതേസമയം പ്രതിഷേധങ്ങൾക്കുള്ള വിദേശ ധനസഹായത്തെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയിൽ അഖില ഭാരത് ഹിന്ദു മഹാസഭ ഹർജി സമർപ്പിച്ചിരുന്നു. സംഘടനയുടെ മുൻ വൈസ് പ്രസിഡന്റ് സതീഷ് കുമാർ അഗർവാൾ സമർപ്പിച്ച ഹർജിയിൽ, പ്രസ്ഥാനത്തിന് വിദേശ സംഘടനകളിൽ നിന്നും ദേശവിരുദ്ധ ഘടകങ്ങളിൽ നിന്നും ഫണ്ട് ലഭിക്കുന്നുണ്ടെന്നും പറയുന്നു . ഇക്കാര്യത്തിൽ എൻഐഎ അന്വേഷണം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
കൂടാതെ, വിദ്യാർത്ഥികളുടെ പേരിൽ ആരംഭിച്ച പ്രസ്ഥാനം പൂർണ്ണമായും രാഷ്ട്രീയമായി മാറിയെന്നും പാർലമെന്റ് മന്ദിരം ഉപരോധിക്കാനുള്ള നീക്കം വലിയ ഗൂഢാലോചനയുടെ ഭാഗമാണെന്നും ഹർജിയിൽ പറഞ്ഞിരുന്നു.
എന്നാൽ എൻഐഎ അന്വേഷണത്തിനുള്ള ഹർജി ചീഫ് ജസ്റ്റിസ് ഡി.കെ. ഉപാധ്യായ, ജസ്റ്റിസ് തേജസ് കരിയ എന്നിവരുടെ ബെഞ്ച് തള്ളി. നിയമവിരുദ്ധമായി സംഘം ചേരൽ, പോലീസ് ഉദ്യോഗസ്ഥർക്കെതിരായ ആക്രമണം, പൊതു സ്വത്തിന് കേടുപാടുകൾ എന്നിവ ഉണ്ടായാൽ പാലിക്കേണ്ട നടപടിക്രമങ്ങൾ സംബന്ധിച്ച് സുപ്രീം കോടതി വിധികൾ ഇതിനകം നിലവിലുണ്ടെന്നും കോടതി വ്യക്തമാക്കി.

