ചെന്നൈ: കരൂർ ദുരന്തവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാൻ തമിഴഗ വെട്രി കഴകം (ടിവികെ) പ്രസിഡന്റ് വിജയ്ക്ക് സിബിഐ നോട്ടീസ് നൽകി. ജനുവരി 11 ന് ഡൽഹിയിലെ ആസ്ഥാനത്ത് സിബിഐക്ക് മുന്നിൽ ഹാജരാകാനാണ് നിർദ്ദേശം .
ടിവികെ നയിച്ച റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 41 പേർ മരണപ്പെട്ടിരുന്നു. സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ ഉത്തരവിട്ട സിബിഐ അന്വേഷണവുമായി പൂർണമായും സഹകരിക്കുമെന്ന് പാർട്ടി നേരത്തെ പറഞ്ഞിരുന്നു. സംസ്ഥാന സർക്കാരിന്റെയും പോലീസിന്റെയും വീഴ്ചകളാണ് ദുരന്തത്തിലേക്ക് നയിച്ചതെന്ന് ടിവികെ ആരോപിക്കുകയും ചെയ്തിരുന്നു . പാർട്ടി അവകാശവാദങ്ങൾ പിന്തുണയ്ക്കുന്ന വീഡിയോ തെളിവുകളും സമർപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ച, ഡൽഹി ഓഫീസിൽ നിരവധി മുതിർന്ന ടിവികെ നേതാക്കളെ സിബിഐ ചോദ്യം ചെയ്തു.
ജനറൽ സെക്രട്ടറി എൻ. ആനന്ദ്, ഇലക്ഷൻ മാനേജ്മെന്റ് ജനറൽ സെക്രട്ടറി ആധവ് അർജുൻ, ഡെപ്യൂട്ടി ജനറൽ സെക്രട്ടറി (ഐടി ആൻഡ് സോഷ്യൽ മീഡിയ) സി.ടി.ആർ. നിർമ്മൽ കുമാർ, കരൂർ വെസ്റ്റ് ജില്ലാ സെക്രട്ടറി വി.പി. മതിയഴകൻ എന്നിവരിൽ നിന്ന് മൊഴി രേഖപ്പെടുത്തിയതായി റിപ്പോർട്ടുണ്ട്.
കരൂർ ജില്ലാ കളക്ടർ എം. തങ്കവേൽ, കരൂർ സിറ്റി എസ്പി മണിവണ്ണൻ, എഎസ്പി പ്രേമാനന്ദൻ എന്നിവരുൾപ്പെടെയുള്ള ഉദ്യോഗസ്ഥരെയും സിബിഐ ചോദ്യം ചെയ്തിട്ടുണ്ട്. അതേസമയം, തമിഴ്നാട്ടിൽ സിബിഐ ഓഫീസുണ്ടെങ്കിലും നേതാക്കളെ ഡൽഹിയിലേക്ക് വിളിപ്പിച്ചതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമുണ്ടോ എന്ന ചോദ്യങ്ങൾ ഉയർന്നിട്ടുണ്ട്.

