ബെംഗളൂരു: കർണാടക മുൻ ഡിജിപി ഓം പ്രകാശിനെ (68) ബെംഗളൂരു എച്ച്എസ്ആർ ലേഔട്ടിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഏറ്റവും അടുത്ത കുടുംബാംഗമാണ് കൊലപാതകം നടത്തിയതെന്നാണ് പ്രാഥമിക കണ്ടെത്തലുകൾ സൂചിപ്പിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. കുടുംബ തർക്കമാണ് സംഭവത്തിന് കാരണമായതെന്നും സൂചനയുണ്ട്. ഓം പ്രകാശിന്റെ ഭാര്യ നിലവിൽ പോലീസ് കസ്റ്റഡിയിലാണ്.
സംഭവത്തെക്കുറിച്ച് പോലീസിനെ അറിയിച്ചത് ഓം പ്രകാശിൻ്റെ ഭാര്യയാണെന്നും പൊലീസ് വ്യക്തമാക്കി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി സെൻ്റ് ജോൺസ് ആശുപത്രിയിലേക്ക് മാറ്റി.കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് കരുതുന്ന കത്തി വീട്ടിൽ നിന്ന് പോലീസ് കണ്ടെടുത്തു. ഓം പ്രകാശിന്റെ ശരീരത്തിൽ മൂന്ന് കുത്തുകൾ ഏറ്റതായി റിപ്പോർട്ടുകളൂണ്ട്.
ബിഹാറിലെ ചമ്പാരൻ സ്വദേശിയായ പ്രകാശ് ഹോം ഗാർഡുകളുടെ കമാൻഡൻ്റ് ജനറൽ, ഫയർ ആൻഡ് എമർജൻസി സർവീസസ്, സിവിൽ റൈറ്റ്സ് എൻഫോഴ്സ്മെൻ്റ്, മറ്റ് പ്രധാന വകുപ്പുകളും കൈകാര്യം ചെയ്തിരുന്നു. 2015ലാണ് ഡിജിപിയായി സേവനമനുഷ്ഠിച്ചത്.കർണാടക ലോകായുക്ത, സംസ്ഥാന വിജിലൻസ് കമ്മീഷൻ, സിഐഡി എന്നിവയിലും പ്രവർത്തിച്ചു. 2013 ഏപ്രിൽ 17ന് ബിജെപി ഓഫീസ് സ്ഫോടനം, 2014 ഡിസംബർ 28ന് നടന്ന ചർച്ച് സ്ട്രീറ്റ് ബോംബ് സ്ഫോടനം എന്നീ രണ്ട് പ്രധാന ഭീകരവാദ സംഭവങ്ങൾ അന്വേഷിക്കുന്നതിലും പ്രകാശ് നിർണായക പങ്ക് വഹിച്ചു.

