ബെംഗളൂരു: കർണാടക മുൻ ഡിജിപി ഓം പ്രകാശിനെ കൊലപ്പെടുത്തിയ കേസിൽ ഭാര്യ പല്ലവി ഓം പ്രകാശിനെ പൊലീസ് അറസ്റ്റ് ചെയ്തു. മകൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. 64കാരിയായ പല്ലവി മാനസികാസ്വാസ്ഥ്യമുള്ളയാളാണെന്നാണ് റിപ്പോർട്ട്. ഡിസിപി (സൗത്ത് ഈസ്റ്റ്) സാറ ഫാത്തിമ പല്ലവിയുടെ അറസ്റ്റ് സ്ഥിരീകരിച്ചു.
അന്വേഷണം ഇപ്പോൾ എച്ച്എസ്ആർ ലേഔട്ട് പോലീസ് സ്റ്റേഷനിൽ നിന്ന് സെൻട്രൽ ക്രൈം ബ്രാഞ്ചിന് (സിസിബി) കൈമാറിയതായും ഡിസിപി കൂട്ടിച്ചേർത്തു.കസ്റ്റഡിയിൽ എടുത്തിട്ടില്ലെങ്കിലും ഓം പ്രകാശിന്റെ മകൾ കൃതിയെ രണ്ടാം പ്രതിയാക്കിയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. അതേസമയം കൃതി ഇപ്പോൾ ഹോസ്പിറ്റലിലാണെന്നും റിപ്പോർട്ടുണ്ട്.
ദമ്പതികളുടെ മകൻ കാർത്തികേഷ് ഓം പ്രകാശ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തതെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ഒരാഴ്ചയായി തൻ്റെ പിതാവിന് പല്ലവിയിൽ നിന്ന് ജീവന് ഭീഷണിയുണ്ടെന്ന് ആരോപിച്ചായിരുന്നു പരാതി.
“എൻ്റെ അച്ഛൻ, മുൻ ഡിജിപി ഓം പ്രകാശിനെ എൻ്റെ അമ്മയും പല്ലവിയും സഹോദരി കൃതിയും ചേർന്ന് കൊലപ്പെടുത്തിയതായി ഞാൻ സംശയിക്കുന്നു, ഇരുവരും വിഷാദരോഗം അനുഭവിക്കുന്നുവെന്നും എല്ലാ ദിവസവും അച്ഛനുമായി വഴക്കിടാറുണ്ടെന്നും” കാർത്തികേഷ് പറഞ്ഞു.
കൊലപാതകത്തിന് ശേഷം മറ്റൊരു ഐപിഎസ് ഉദ്യോഗസ്ഥൻ്റെ ഭാര്യക്ക് താൻ ഒരു രാക്ഷസനെ അവസാനിപ്പിച്ചുവെന്ന് പല്ലവി സന്ദേശം അയച്ചതായി പൊലീസ് വൃത്തങ്ങൾ അറിയിച്ചു. സംഭവത്തിന് ശേഷം പല്ലവി വീഡിയോ കോളും ചെയ്തതായി പരാതിയിൽ പറയുന്നു.ഓം പ്രകാശിനെ കൊലപ്പെടുത്തിയത് പല്ലവിയാണെന്നാണ് പ്രാഥമിക നിഗമനം, എന്നാൽ ഇത്തരമൊരു ക്രൂരകൃത്യം ഒരാൾ മാത്രം നടത്തിയിരിക്കാൻ സാധ്യതയില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കരുതുന്നു, അതിനാലാണ് കൃതിയെയും ചോദ്യം ചെയ്യുന്നത്.

