ഇസ്ലാമാബാദ് : ഇന്ത്യയ്ക്കെതിരെ വിഷം ചീറ്റിയ പാകിസ്ഥാൻ മുൻ വിദേശകാര്യ മന്ത്രിയും പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി (പിപിപി) ചെയർമാനുമായ ബിലാവൽ ഭൂട്ടോ സർദാരിയെ പൊളിച്ചടുക്കി മാധ്യമപ്രവർത്തകൻ . ഇന്ത്യയിൽ മുസ്ലീങ്ങളെ പൈശാചികമായി ചിത്രീകരിക്കുന്നു എന്ന അടിസ്ഥാനരഹിതമായ അവകാശവാദമാണ് ഐക്യരാഷ്ട്രസഭയുടെ പത്രസമ്മേളനത്തിൽ ബിലാവൽ ഭൂട്ടോ ഉന്നയിച്ചത് .
ഐക്യരാഷ്ട്രസഭയിലെ പാകിസ്ഥാൻ നയതന്ത്ര സംഘത്തിലെ അംഗമായ ബിലാവൽ ഭൂട്ടോ , കശ്മീർ സംബന്ധിച്ച പാകിസ്ഥാന്റെ നിലപാട് പത്രസമ്മേളനത്തിൽ ആവർത്തിക്കുകയും ചെയ്തു. 26 പേരുടെ മരണത്തിന് കാരണമായ പഹൽഗാമിലെ സമീപകാല ഭീകരാക്രമണത്തെ ഇന്ത്യൻ മുസ്ലീങ്ങളെ അപകീർത്തിപ്പെടുത്തുന്നതിനായി രാഷ്ട്രീയവൽക്കരിക്കുകയാണെന്നായിരുന്നു ബിലാവലിന്റെ ആരോപണം .
എന്നാൽ ഇത് കേട്ട് പത്രസമ്മേളനത്തിൽ ഇരുന്ന മാധ്യമപ്രവർത്തകൻ ഉടൻ തന്നെ പ്രതികരിക്കുകയായിരുന്നു.ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ചുള്ളതുൾപ്പെടെയുള്ള ഇന്ത്യൻ ആർമി ബ്രീഫിംഗുകൾ മുസ്ലീം ഓഫീസർമാർ തന്നെയാണ് നടത്തിയതെന്നും മാധ്യമപ്രവർത്തകൻ ചൂണ്ടിക്കാട്ടി.
“കശ്മീരിൽ അടുത്തിടെ നടന്ന ഭീകരാക്രമണം ഇന്ത്യയിലെ മുസ്ലീങ്ങളെ ഭീകരരായി ചിത്രീകരിക്കാൻ ഒരു രാഷ്ട്രീയ ഉപകരണമായി ഉപയോഗിക്കുന്നുവെന്ന് നിങ്ങൾ പറഞ്ഞു. പക്ഷേ, ഞാൻ ഇരുവശത്തുമുള്ള ബ്രീഫിംഗുകൾ കണ്ടിട്ടുണ്ട്, എനിക്ക് ഓർമ്മയുള്ളിടത്തോളം, ഇന്ത്യൻ പക്ഷത്ത് ബ്രീഫിംഗുകൾ നടത്തിയിരുന്നത് മുസ്ലീം ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥരായിരുന്നു,” മാധ്യമപ്രവർത്തകൻ പറഞ്ഞു.
ഈ പരാമർശം കേട്ടതോടെ അസ്വസ്ഥനായ ബിലാവൽ ഭൂട്ടോ ‘ ഓപ്പറേഷനുകളെ സംബന്ധിച്ചിടത്തോളം, നിങ്ങൾ പറഞ്ഞത് തികച്ചും ശരിയാണ്‘ എന്ന് സമ്മതിച്ചു തടിതപ്പുകയും ചെയ്തു.

