റാഞ്ചി ; ജാർഖണ്ഡ് ജെപിഎസ്സി, ജെഎസ്എസ്സി പരീക്ഷകളിലെ ക്രമക്കേടുകളിൽ പ്രതിഷേധിക്കുന്ന വിദ്യാർത്ഥികളും സംസ്ഥാന സർക്കാരും തമ്മിലുള്ള ആദ്യ റൗണ്ട് കൂടിക്കാഴ്ചകൾ അവസാനിച്ചു. 10 വിദ്യാർത്ഥികളുടെ പ്രതിനിധി സംഘവുമായി സംസാരിക്കാൻ ഹേമന്ത് സോറൻ സർക്കാർ നാല് മന്ത്രിമാരുടെ പാനൽ രൂപീകരിച്ചു.
പാനലിൽ ചമ്ര ലിൻഡ (ജെഎംഎം), സുദിബ്യ കുമാർ സോനു (ജെഎംഎം), ദീപിക പാണ്ഡെ സിംഗ് (കോൺഗ്രസ്), സഞ്ജയ് പ്രസാദ് യാദവ് (ആർജെഡി) എന്നിവർ ഉൾപ്പെടുന്നു. വിദ്യാർത്ഥികളുമായി ചർച്ച നടത്തുന്നതും, അവരുടെ ആവശ്യങ്ങൾ കേൾക്കുന്നതും ഈ പാനലായിരിക്കും.
പ്രതിഷേധത്തിന് നേതൃത്വം നൽകുന്ന പ്രധാന വിദ്യാർത്ഥി ഗ്രൂപ്പിനെ പ്രതിനിധീകരിക്കുന്നവരാണ് ചർച്ചകൾക്കായി സ്റ്റേറ്റ് ഗസ്റ്റ് ഹൗസിൽ എത്തിയത്. ‘ഇത് ഞങ്ങളുടെ ആദ്യ കൂടിക്കാഴ്ചയായിരുന്നു, വളരെ പോസിറ്റീവായ ഒന്നായിരുന്നു. ഒരുമിച്ച് ഇരിക്കുന്നത് ഒരു കുടുംബം പോലെ തോന്നി; സർക്കാരും മുഖ്യമന്ത്രിയും എല്ലാ മന്ത്രിമാരും ഞങ്ങളുടെ ആവശ്യങ്ങൾ പരിഗണിക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്.” ചർച്ചകൾ അവസാനിച്ച ശേഷം വിദ്യാർത്ഥി നേതാവ് രവീന്ദ്ര പാസ്വാൻ മാധ്യമങ്ങളോട് പറഞ്ഞു
“ഞങ്ങൾക്ക് ഉറപ്പ് ആവശ്യമാണ്. ഉടൻ തന്നെ വീണ്ടും കൂടിക്കാഴ്ച നടത്തും. അതുവരെ പ്രതിഷേധ മാർച്ച് തുടരും. അവർ ഞങ്ങൾക്ക് ഉറപ്പ് നൽകിയാൽ, ഓഗസ്റ്റ് 10 ന് നിയമസഭയിലേക്ക് മാർച്ച് നടത്തുന്നതിനെക്കുറിച്ച് ഞങ്ങൾ പുനഃപരിശോധിക്കും,” യോഗത്തിൽ പങ്കെടുത്ത കോർ കമ്മിറ്റി അംഗം പറഞ്ഞു.

