ന്യൂഡൽഹി : ചരിത്രപരമായ ചുവടുവയ്പുമായി ഇന്ത്യൻ റെയിൽവേ . മുംബൈ-അഹമ്മദാബാദ് ഹൈ-സ്പീഡ് റെയിൽ (MAHSR) പദ്ധതിയുടെ ഭാഗമായ ആദ്യത്തെ ഷിൻകാൻസെൻ ബുള്ളറ്റ് ട്രെയിനുകളുടെ പരീക്ഷണ ഓട്ടം ജപ്പാനിൽ ആരംഭിച്ചു. ഇന്ത്യയുടെ ആദ്യത്തെ അതിവേഗ റെയിൽ പാത ആരംഭിക്കുന്നതിനുള്ള നീക്കത്തിലെ ഒരു പ്രധാന നാഴികക്കല്ലാണ് ഈ വികസനം.
ജപ്പാൻ E5, E3 പരമ്പരകളിൽ നിന്നുള്ള രണ്ട് ഷിൻകാൻസെൻ ട്രെയിൻ സെറ്റുകളാണ് ഇന്ത്യയ്ക്ക് നൽകുക . മണിക്കൂറിൽ 320 കിലോമീറ്റർ വരെ വേഗതയിൽ ഓടാൻ രൂപകൽപ്പന ചെയ്ത ഈ ട്രെയിനുകൾ 2026 ന്റെ തുടക്കത്തിൽ ഇന്ത്യയിലേക്ക് എത്തിക്കും. ഇന്ത്യയിൽ എത്തിക്കഴിഞ്ഞാൽ, ആഭ്യന്തര ഭൂപ്രകൃതിയിലും കാലാവസ്ഥയിലും അവ കർശനമായ പരിശോധനയ്ക്ക് വിധേയമാക്കും.
നാഷണൽ ഹൈ സ്പീഡ് റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (NHSRCL) വികസിപ്പിച്ചെടുത്ത 508 കിലോമീറ്റർ ദൈർഘ്യമുള്ള MAHSR ഇടനാഴി മുംബൈയ്ക്കും അഹമ്മദാബാദിനും ഇടയിലുള്ള യാത്രാ സമയം ട്രെയിൻ വരുന്നതോടെ വെറും 2 മണിക്കൂർ 7 മിനിറ്റായി കുറയ്ക്കും. താനെ, വിരാർ, ബോയ്സർ, വാപ്പി, സൂററ്റ്, വഡോദര എന്നിവയുൾപ്പെടെ 12 സ്റ്റേഷനുകൾ ഈ റൂട്ടിൽ ഉണ്ടായിരിക്കും. ഹൈ-സ്പീഡ് റെയിൽ പദ്ധതിയിൽ സഹകരിക്കുന്നതിനായി ഇന്ത്യയും ജപ്പാനും 2016 ലാണ് കരാറിൽ ഒപ്പുവച്ചത് .

