ന്യൂഡൽഹി : ഫരീദാബാദ് സർവകലാശാലയിലെ “വൈറ്റ് കോളർ” ഭീകര സംഘടനയുമായി ബന്ധപ്പെട്ട് ഹരിയാനയിലെ മേവാത്തിൽ നിന്നുള്ള മതപ്രഭാഷകനെ ജമ്മു കശ്മീർ പോലീസ് അറസ്റ്റ് ചെയ്തു. ഫരീദാബാദിലെ അൽ ഫലാഹ് സർവകലാശാല സമുച്ചയത്തിനുള്ളിലെ വാടക വീട്ടിൽ താമസിച്ചിരുന്ന മൗലവി ഇഷ്തിയാഖിനെയാണ് അറസ്റ്റ് ചെയ്തത്. ഇഷ്തിയാഖിന്റെ വാടക വീട്ടിൽ നിന്നാണ് 2,500 കിലോഗ്രാമിലധികം അമോണിയം നൈട്രേറ്റ്, പൊട്ടാസ്യം ക്ലോറേറ്റ്, സൾഫർ എന്നിവ പോലീസ് കണ്ടെടുത്തതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
പിടിച്ചെടുത്ത രാസവസ്തുക്കൾ, ഡോ. മുസമ്മിൽ ഗനായ് എന്ന മുസൈബ്, ഡോ. ഉമർ നബി എന്നിവരാണ് സൂക്ഷിച്ചിരുന്നത് . ചെങ്കോട്ടയ്ക്ക് പുറത്ത് 12 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത സ്ഫോടകവസ്തുക്കൾ നിറച്ച കാർ ഓടിച്ചിരുന്ന വ്യക്തിയാണ് ഡോ. ഉമർ നബി.ഭീകരവാദ മൊഡ്യൂളിന്റെ ഭാഗമാണെന്ന് കരുതുന്നവർക്കായി ഡൽഹി-എൻസിആറിലും സുരക്ഷാ ഏജൻസികൾ പരിശോധന നടത്തുകയാണ്.
അതേസമയം, ചെങ്കോട്ടയ്ക്ക് സമീപമുള്ള സ്ഫോടനത്തെത്തുടർന്ന് ഡൽഹി പോലീസ് അതീവ ജാഗ്രതയിലാണ് . ദേശീയ തലസ്ഥാനത്ത് വ്യാപക പരിശോധനകൾ നടക്കുന്നുണ്ട്. ഡൽഹിയിലെ എല്ലാ അതിർത്തിയിലും പോലീസ് ഉദ്യോഗസ്ഥരെയും അർദ്ധസൈനിക വിഭാഗങ്ങളെയും വൻതോതിൽ വിന്യസിച്ചിട്ടുണ്ട് . സുരക്ഷാ നടപടികളുടെ ഭാഗമായി നഗരത്തിലേക്ക് പ്രവേശിക്കുകയും പുറത്തുകടക്കുകയും ചെയ്യുന്ന വാഹനങ്ങൾ സൂക്ഷ്മമായി പരിശോധിക്കുന്നുണ്ട്.
ഗാസിപൂർ, സിംഗു, തിക്രി, ബദർപൂർ എന്നിവയുൾപ്പെടെയുള്ള അന്തർസംസ്ഥാന അതിർത്തികളിലെ സുരക്ഷാ പരിശോധനകൾക്ക് മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ നേരിട്ടാണ് മേൽനോട്ടം വഹിക്കുന്നത് .

