ന്യൂയോർക്ക്: വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി. തിങ്കളാഴ്ച ന്യൂയോർക്കിൽ നടന്ന ഐക്യരാഷ്ട്രസഭ പൊതുസഭയുടെ (യുഎൻജിഎ) 80-ാമത് സെഷനിലായിരുന്നു ചർച്ച.
പരസ്പര ബന്ധം കൂടുതൽ ശക്തിപ്പെടുത്തണമെന്നും, ഇന്ത്യ അമേരിക്കയ്ക്ക് വളരെ പ്രധാനപ്പെട്ട പങ്കാളിയാണ് എന്നും റൂബിയോ പറഞ്ഞു. വ്യാപാരം, പ്രതിരോധം, ഊർജ്ജം, മരുന്നുകൾ, നിർണായക ധാതുക്കൾ തുടങ്ങിയ മേഖലകളിൽ ഇന്ത്യയുമായി ഒരുമിച്ച് പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇതിനിടയിൽ ഇന്തോ-പസഫിക് മേഖലയിലെ സമാധാനത്തിനും സ്ഥിരതയ്ക്കും വേണ്ടി ഒരുമിച്ച് പ്രവർത്തിക്കുമെന്നും ഇരുവരും വ്യക്തമാക്കി . പ്രത്യേകിച്ച്, ക്വാഡ് (ഇന്ത്യ, യുഎസ്, ജപ്പാൻ, ഓസ്ട്രേലിയ) വഴി ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതൽ വർദ്ധിപ്പിക്കാൻ ഇരു രാജ്യങ്ങളും സമ്മതിച്ചു.
” ന്യൂയോർക്കിൽ ജയശങ്കറിനെ കാണാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. പരസ്പരവും ആഗോളവുമായ വിഷയങ്ങളിൽ ഞങ്ങൾ തുറന്നു സംസാരിച്ചു. മുൻഗണനാ മേഖലകൾ മുന്നോട്ട് കൊണ്ടുപോകുന്നതിന് പതിവായി ബന്ധം നിലനിർത്താൻ ഞങ്ങൾ സമ്മതിച്ചു” – എക്സിൽ റൂബിയോ എഴുതി. കൂടാതെ ” വ്യാപാരം, ഊർജ്ജം, ഫാർമസ്യൂട്ടിക്കൽസ്, നിർണായക ധാതുക്കൾ തുടങ്ങിയ മേഖലകളിൽ ഇന്ത്യ-യുഎസ് ബന്ധം കൂടുതൽ ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഞാൻ ജയ്ശങ്കറുമായി ചർച്ച ചെയ്തു. ഇത് രണ്ട് രാജ്യങ്ങളുടെയും അഭിവൃദ്ധി വർദ്ധിപ്പിക്കും” – റൂബിയോ കൂട്ടിച്ചേർത്തു.
അതേ സമയം റഷ്യയിൽ നിന്നുള്ള വ്യാപാര, എണ്ണ വാങ്ങലുകളെച്ചൊല്ലി ഇന്ത്യയും യുഎസും തമ്മിലുള്ള ചില സംഘർഷങ്ങൾക്കിടയിലാണ് ഈ കൂടിക്കാഴ്ച നടന്നത്. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിന് ട്രംപ് ഭരണകൂടം ഇന്ത്യയ്ക്ക് താരിഫ് 50% ആക്കി. ഇത് ലോകത്തിലെ ഏറ്റവും ഉയർന്ന നിരക്കുകളിൽ ഒന്നാണ്. കൂടാതെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അടുത്തിടെ H1B വിസകൾക്ക് 100,000 ഡോളർ ഫീസ് വർധിപ്പിക്കുകയും ചെയ്തിരുന്നു.

